ചൈനയില്‍നിന്നെത്തിയതാണെങ്കിലും ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. തിങ്കളാഴ്ച 1648 പേര്‍ക്കും ഇന്നലെ 3026 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ കണക്കില്‍ മരണസംഖ്യ 372 ആയിരിക്കുന്നു. ജനങ്ങളുടെ ആരോഗ്യശുചിത്വബോധവും സര്‍ക്കാര്‍ സംവിധാനങ്ങളുമായുള്ള സഹകരണവും കാരണം ആദ്യഘട്ടത്തില്‍ രോഗ വ്യാപനത്തെ പിടിച്ചുകെട്ടാന്‍ കേരളത്തിനായത് രാജ്യത്തിനുതന്നെ അഭിമാനമായിരുന്നു. പത്തിനുതാഴെ മരണവും അഞ്ഞൂറില്‍ താഴെമാത്രം രോഗബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ഘട്ടത്തില്‍ കേരളത്തിന്റെ പെരുമയെ വാഴ്ത്താന്‍ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കുമെല്ലാം നൂറുനാവായിരുന്നു.

രാജ്യത്താകമാനം നടപ്പാക്കിയ ലോക്ഡൗണ്‍ സംസ്ഥാനത്തും ബാധകമാക്കിയെങ്കിലും അത് പിന്‍വലിച്ചതോടെ കോവിഡ് രോഗികളുടെ എണ്ണവും മരണത്തോതും കൂടുന്നതാണ് നാലു മാസമായുള്ള അനുഭവം. പ്രവാസികളെ ഭത്സിക്കാനും പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ ജയിലിലാക്കിക്കൊണ്ടും കോവിഡിനെ പിടിച്ചുകെട്ടാനാവില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത് വൈകിയാണെങ്കിലും നന്നായി. ബി.ബി.സി വരെ പുകഴ്ത്തിപ്പാടിയ കേരളത്തിന്റെ കോവിഡ്പ്രതിരോധത്തെപ്പറ്റി ഇപ്പോള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടയാളുകള്‍പോലും മിണ്ടുമെന്ന് തോന്നുന്നില്ല. ജനങ്ങള്‍ സ്വയം പ്രതിരോധത്തിന് തയ്യാറാകണമെന്ന് മാത്രമാണ് ആരോഗ്യവകുപ്പിന് പറയാനുള്ളത്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയാണ് ഉണ്ടായതെങ്കില്‍ ഇപ്പോള്‍ അതേ സംവിധാനങ്ങള്‍ ഏതാണ്ട് കൈവിട്ടതായാണ് അനുഭവം.

കോവിഡ് പൊസിറ്റീവായവരുടെ ശുശ്രൂഷയും ക്വാറന്റീനും പ്രഹസനാവസ്ഥയിലാണിന്ന്. കോവിഡ് പൊസിറ്റീവാണെന്നുള്ള റിപ്പോര്‍ട്ട് വന്നാലുടന്‍ രോഗിയെ വിളിച്ച് ആംബുലന്‍സില്‍ സര്‍ക്കാര്‍ ആസ്പത്രിയിലാക്കിയിരുന്ന സ്ഥാനത്ത് ഇന്ന് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളെന്ന ഓമനപ്പേരില്‍ തയ്യാറാക്കിയിട്ടുള്ള ഇടങ്ങളിലേക്കാണ് രോഗികളെ അയക്കുന്നത്. കാര്യമായ ചികില്‍സാസംവിധാനങ്ങളോ പരിചരണമോ ഇവിടങ്ങളില്‍ ഇല്ലെന്നതോ പോകട്ടെ പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍പോലും പല എഫ്.എല്‍.ടി.സികളിലും ഇല്ലെന്ന് വ്യാപകമായ പരാതിയുയരുന്നു. പഞ്ചായത്ത്ഹാളുകള്‍, കല്യാണ മണ്ഡപങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലാണ് രോഗികളെ പ്രവേശിപ്പിക്കുന്നത്.

ഇതുമൂലം ആരോഗ്യപ്രവര്‍ത്തകരുടെ മതിയായ ശ്രദ്ധ രോഗികള്‍ക്ക് കിട്ടാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. അതു കൂടാതെയാണ് കോവിഡ് പൊസിറ്റീവാണെന്നുപറഞ്ഞ് കൊണ്ടുപോയി ആംബുലന്‍സുകളിലും കോവിഡ് കേന്ദ്രങ്ങളിലും സംഭവിച്ച ഞെട്ടിപ്പിക്കുന്ന സ്ത്രീ പീഡനങ്ങള്‍. ആംബുലന്‍സില്‍ രാത്രി കോവിഡ്‌രോഗിയെ പീഡിപ്പിച്ച സംഭവം പുറത്തുവന്നതിനുപിറകെയാണ് കോവിഡ് കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യുവതിയെ രണ്ടു ദിവസത്തോളം കെട്ടിയിട്ട് പീഡിപ്പിച്ച മൃഗീയ സംഭവം അരങ്ങേറിയത്. സര്‍ക്കാരിനും പ്രത്യേകിച്ച് ആരോഗ്യവകുപ്പിനും ഇക്കാര്യത്തിലൊന്നും യാതൊരു മാനദണ്ഡവും ശ്രദ്ധയും ഇല്ലെന്നാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്. സാക്ഷര പുരോഗമന കേരളത്തിന് ഇതില്‍പരമെന്താണ് ഭവിക്കാനുള്ളത്!

കഴിഞ്ഞ രണ്ടു മാസത്തോളമായി കോവിഡ് പൊസിറ്റീവ് കേസുകളുടെ പ്രതിദിന സംഖ്യ സംസ്ഥാനത്ത രണ്ടായിരത്തിന് മുകളിലാണ്. കഴിഞ്ഞദിവസം ഇത് മൂവായിരത്തിലധികവുമായി. എന്നാല്‍ ഇതിന്റെ പിറ്റേന്ന് രണ്ടായിരത്തില്‍ താഴെയായി കുത്തനെ കുറയുകയും ചെയ്തു. ഇത് കാണിക്കുന്നത് രോഗികളുടെ സംഖ്യ കുറയുന്നു എന്നതല്ലെന്നും പ്രതിദിന പരിശോധനകളുടെ എണ്ണം കുറയുന്നു എന്നുമാണ്. കാരണം ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നിരിക്കാമെന്നുതന്നെയാണ്. സര്‍ക്കാരിന് സ്വന്തം പ്രതിച്ഛായ മെച്ചമാക്കിനിര്‍ത്താന്‍ വേണ്ടിയാണ് കോവിഡ് പരിശോധനകളുടെ എണ്ണം കുറക്കുന്നതെന്ന ആക്ഷേപമാണ് ഈ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്നത്. ഉദാഹരണത്തിന് ആഗസ്ത് 30ന് 27,908 ആന്റിജന്‍ പരിശോധനകളാണ് സംസ്ഥാനത്ത് നടന്നതെങ്കില്‍ ഓണം പ്രമാണിച്ച് ഇത് കുത്തനെ കുറച്ചു. തിരുവോണ ദിവസം പരിശോധനകളുടെ എണ്ണം 18,027 ആയി. ഞായറാഴ്ച 41,392 ആയിരുന്നത് തിങ്കളാഴ്ച 20,215ഉം ഇന്നലെ 37264ഉമാണ്.

ഓണാവധി കഴിഞ്ഞിട്ടും പരിശോധനകളുടെ എണ്ണം കുറക്കുന്നത് എന്തിനെന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്. നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് കണക്കില്‍ കേരളം മുന്‍നിരയിലെത്തിയിരിക്കുകയാണ്. ചികിത്‌സാസൗകര്യങ്ങള്‍ കൂട്ടുന്നതിനും രോഗികളുടെ സുരക്ഷിതത്വവും മാനസികാരോഗ്യവും ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തണം. ആന്റിജന്‍ പരിശോധനയില്‍ പൊസിറ്റീവ് നെഗറ്റീവാകുന്നതും തിരിച്ചുമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് രോഗ വര്‍ധനക്ക് കാരണമാകുന്നുണ്ട്. ഒരുലാബിലെ റിപ്പോര്‍ട്ടല്ല മറ്റൊരു ലാബില്‍നിന്ന് ലഭിക്കുന്നത്. കോവിഡ് പൊസിറ്റീവെന്ന ്കണ്ടെത്തിയയാളുകളെ ഏകാന്ത തടവിലെന്നപോലെ പാര്‍പ്പിക്കുന്ന അവസ്ഥമാറ്റി അവരെ, വിശേഷിച്ചും സ്ത്രീകളെ, കാര്യമായ രോഗലക്ഷണങ്ങളില്ലെങ്കില്‍ അവരുടെ തന്നെ വീടുകളിലോ അവര്‍ക്ക് വിശ്വാസയോഗ്യമായ ഇടങ്ങളിലോ താമസിപ്പിക്കാന്‍ സൗകര്യമൊരുക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വിളിപ്പുറത്ത് ഉറപ്പുവരുത്തുകയും വേണം.

നിലവില്‍ ജൂനിയര്‍ ഡോക്ടര്‍മാരായി താല്‍ക്കാലിക നിയമനം നല്‍കിയവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും അത്യന്തം ആക്ഷേപാര്‍ഹമായി. ഹൗസ്‌സര്‍ജന്‍സി കഴിഞ്ഞവരെ വിളിച്ചുവരുത്തി ജോലി നല്‍കിയശേഷം ശമ്പളം നല്‍കാതിരിക്കുകയോ ഗണ്യമായി കുറക്കുകയോ ചെയ്ത നടപടിയെ മനുഷ്യത്വഹീനമെന്നേ വിശേഷിപ്പിക്കാനാകൂ. താല്‍ക്കാലിക നിയമനത്തിന് ദുരിതാശ്വാസ നിധിയിലേക്കും ആദായനികുതിയിലേക്കും പണം പിടുങ്ങിയത് അപരാധംതന്നെയാണ്. ഇതര സംസ്ഥാനങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് അധിക ശമ്പളം നല്‍കുമ്പോഴാണിത്. ഡോക്ടര്‍മാര്‍ രാജിക്ക് തയ്യാറായതില്‍ അതുകൊണ്ടുതന്നെ അപാകമില്ല. ഡോക്ടര്‍മാരോടാണ് ഈ സര്‍ക്കാര്‍ നിലപാടെങ്കില്‍ നഴ്‌സുമാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടുമുള്ള നയമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പ്രഹസനമാക്കിയതിന് ഉത്തരവാദി സര്‍ക്കാരിലെ തലപ്പത്തുള്ളവര്‍തന്നെയാണ്. കോവിഡ് കാലത്താണ് അധികാരത്തിന്റെ ഉന്നതതലങ്ങളില്‍നിന്ന് ദുര്‍ഗന്ധംവമിപ്പിക്കുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കഥകള്‍ പുറത്തുവന്നതെന്നത് കേരളീയര്‍ക്കെല്ലാം ഒരുപോലെ ലജ്ജാകരമായിപ്പോയി.