X

കൊടിഞ്ഞി സംഭവം വെളിപ്പെടുത്തുന്നത്

മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശിയും പ്രവാസിമലയാളിയുമായ യുവാവ് ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം കേരളം കാര്യമായി ചര്‍ച്ചചെയ്യപ്പെടാതെ പോയി. 2016 നവംബര്‍ 20ന് പുലര്‍ച്ചെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്് ഭാര്യാപിതാവിനെ കൂട്ടിക്കൊണ്ടുപോരാന്‍ ചെല്ലവെ മുപ്പത്തിരണ്ടുകാരനായ യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം മതം മാറി ആരെയും ശല്യപ്പെടുത്താതെ ജീവിച്ച തന്റെ മകനെ ഇങ്ങനെ വകവരുത്താന്‍ മാത്രം എന്തുകുറ്റമാണ് അവന്‍ ചെയ്തതെന്ന അമ്മ മീനാക്ഷിയുടെ ചോദ്യം ഏതുശിലാഹൃദയരെയും അലോസരപ്പെടുത്താവുന്നതാണ്. വിരലുകള്‍ സ്വാഭാവികമായും ചൂണ്ടപ്പെടുന്നത് ഫൈസല്‍ (നേരത്തെ അനില്‍കുമാര്‍) ജനിച്ച മതത്തിന്റെ പേരിലുള്ള തീവ്രവാദികളിലേക്കാണ്. ഇതിനിടെ കൊടിഞ്ഞിയിലോ മറ്റോ ഒരുവിധ അനിഷ്ടസംഭവവും ഉണ്ടായില്ലെന്നതുതന്നെയാണ് ഈ നരാധമന്മാര്‍ക്കെതിരായ തിളങ്ങുന്ന പ്രതിരോധം.
മലപ്പുറം ജില്ല വാര്‍ത്തയില്‍ നിറഞ്ഞത് ഈ മാസമാദ്യം ജില്ലാ കോടതിവളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തിലൂടെയാണ്. ബേസ് മൂവ്‌മെന്റ് എന്ന പേരിലുള്ള സംഘടനയാണ് ഇതിനുപിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരിക്കെയാണ് ഫൈസലിന്റെ കൊലപാതകം. സ്ത്രീടയക്കം നാലുപേര്‍ ജില്ലയില്‍ ഇത്തരം മതംമാറ്റ കൊലപാതകങ്ങള്‍ക്കിരയായിട്ടുണ്ട്. അതുനോക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ തിങ്ങിത്താമസിക്കുന്ന ജില്ലയും സംസ്ഥാനവും എന്ന നിലക്ക് ഫൈസല്‍ വധം സമാധാനകാംക്ഷികളെയും വിശ്വാസികളെയും സംബന്ധിച്ച് തീര്‍ച്ചയായും ഭയം ജനിപ്പിക്കുന്നതാണ്. ഈ ഭയം വിതറുകതന്നെയാവണം ഇരുട്ടിന്റെ ശക്തികള്‍ ലക്ഷ്യമിടുന്നത്. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിലൂടെ ഈ സിദ്ധാന്തമാണ് ഫലിക്കുന്നത്. അതേസമയം ഭരണഘടനയുടെ മൗലികാവകാശത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ലംഘനമെന്ന നിലക്ക് വിഷയത്തെ തമസ്‌കരിക്കാനും കഴിയില്ല. പൊലീസിന് ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാട്ടാനായില്ലെന്നതിന്റെ സൂചനയാണ് ഫൈസലിന് വധഭീഷണി ഉണ്ടായിരുന്നുവെന്ന മാതാവിന്റെ വാക്കുകള്‍. തിരൂരിലും മറ്റും സമാന സംഭവങ്ങള്‍ മുമ്പുണ്ടായതും അധികൃതര്‍ ഗൗരവത്തിലെടുത്തില്ല.
എതിരഭിപ്രായക്കാരെ മര്‍ദിച്ചും വെട്ടിയും ബോംബ് വെച്ചും കൊലചെയ്യുന്നത് ഏതുസമുദായത്തിന്റെ പേരിലായാലും പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. ലോകത്തെ ഏറ്റവും വലിയ ബഹുമത-സംസ്‌കാര രാഷ്ട്രമാണ് ഇന്ത്യ . ഇതില്‍ ഇവിടുത്തെ പൗരാണിക സംസ്‌കാരത്തിന് അതിന്റേതായ പങ്കുണ്ട്. എല്ലാ വിധ സാംസ്‌കാരികവൈജാത്യങ്ങളെയും ഒറ്റച്ചരടില്‍ കോര്‍ത്താണ് നാം ലോകനെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അഹിംസയുടെ നാടാണ് മഹാത്മാവിന്റെ ഇന്ത്യ. ഭരണഘടനയുടെ 25-ാം വകുപ്പ് ഏതുതരം മതവിശ്വാസവും സ്വീകരിക്കാനും കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനും പൗരന് അനുവാദം നല്‍കുന്നു. മതരാഹിത്യം പോലും ഇതില്‍പെടുന്നു. അതേസമയം നിര്‍ബന്ധിതമായി ഒരു പൗരനെയും മതം മാറ്റാനും പാടില്ല. കഥാകാരി മാധവിക്കുട്ടി, ബോക്‌സിംഗ് താരം മുഹമ്മദലി ക്ലേ, സംഗീതജ്ഞന്‍ എ.ആര്‍. റഹ്്മാാന്‍ തുടങ്ങിയവരൊക്കെ മതം മാറിയത് ആരെങ്കിലും ബലം പ്രയോഗിച്ചതുകൊണ്ടല്ല. കേരളത്തില്‍ ഇസ്‌ലാം, ക്രൈസ്തവ, ജൂത മതങ്ങള്‍ക്ക് ഇവിടുണ്ടായിരുന്ന ഹൈന്ദവസഹോദരങ്ങള്‍ സര്‍വാത്മനായാണ് വരവേല്‍പ് നല്‍കിയത്. ഹിന്ദുരാജാവ് പോലും ഇസ്‌ലാം മതം സ്വീകരിച്ചതായി ചരിത്രത്തിലുണ്ട്. ഫൈസലിന്റെ കാര്യത്തില്‍ തികഞ്ഞ ആരോഗ്യവാനും സ്ഥിതപ്രജ്ഞനുമായ ഒരു പൗരനാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. അത് ആരുടെയും ഔദാര്യമല്ല. നിര്‍ഭാഗ്യവശാല്‍ ഇവിടെ ഭരിക്കുന്നത് ഹിന്ദുരാഷ്ട്രത്തിന്റെ വക്താക്കളാണെന്നതും അവര്‍ തന്നെ നിരവധി ജാതിമത കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുമാണെന്നതാണ് സമകാലിക ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം. ഗുജറാത്തില്‍ രണ്ടായിത്തിലധികം മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തിയ സംഘപരിവാറിന് നേതൃത്വം കൊടുത്തയാളാണ് പ്രധാനമന്ത്രി. ഭരണഘടനാനിര്‍മാണസഭയുടെ തലവനായ ഡോ. അംബേദ്കര്‍ക്കും അനുയായികള്‍ക്കും പോലും സ്വന്തം മതത്തിലെ വരേണ്യരുടെ പീഡനത്തില്‍ സഹികെട്ടും ഹീനജാതിയില്‍ പിറന്നവരെന്നാക്ഷേപിക്കപ്പെട്ടും ബുദ്ധമതം സ്വീകരിക്കേണ്ടിവന്നത് മറക്കാനാവില്ല.
ഇസ്്‌ലാം മതം സ്വീകരിച്ച ആമിനക്കുട്ടി മഞ്ചേരിയിലെ കോടതിവരാന്തയില്‍ കൊല്ലപ്പെട്ടു. തിരൂരില്‍ യാസര്‍ എന്ന യുവാവും മതം മാറിയെന്ന ‘കുറ്റ’ ത്തിന് കൊല്ലപ്പെടുകയുണ്ടായി. ഇവരെല്ലാം വിളിച്ചുപറയുന്നത് ഒരേ കാട്ടാളനീതിയാണ്. ഇണപ്പക്ഷികളെ അമ്പെയ്യുന്ന വേടനോട് മാനിഷാദ ചൊല്ലുന്ന നീതിയാണ് ഇന്ത്യക്കുള്ളത്. മഹാത്മാവിന്റെ തത്വശാസ്ത്രവും അതുതന്നെ. നിരപരാധിയെ കൊന്നാല്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊല്ലുന്നതിനുതുല്യമെന്ന, മതകാര്യത്തില്‍ ബലപ്രയോഗമില്ലെന്നുമാണ് ഇസ്്‌ലാം പഠിപ്പിക്കുന്നത്. ഒരു ആശയത്തെയും കൊലക്കത്തി കൊണ്ട് തകര്‍ക്കാനാവില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ബാബ്്‌രി മസ്ജിദ് തകര്‍ന്നപ്പോള്‍ പോലും പോറലേല്‍ക്കാത്ത മണ്ണാണ് മലപ്പുറത്തിന്റെ ഹരിതഭൂമി. മലപ്പുറം ജില്ല ഉണ്ടായ കാലം മുതല്‍ വര്‍ഗീയഫാസിസ്റ്റുകളുടെ കണ്ണിലെ കരടാണെന്ന് പലവിധ സംഭവങ്ങളിലൂടെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. പലതരത്തിലവര്‍ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ഈ പിന്നാക്കജില്ലയുടെ സ്വാസ്ഥ്യം കെടുത്താന്‍ ശ്രമിക്കുന്നു. ഇവിടുത്തെ മുസ്്‌ലിംകളെക്കുറിച്ച്് നാവുകൊണ്ട് കൊടിയ വിഷം വമിച്ചത് അടുത്തിടെ ഒരു സംഘ്‌നേതാവാണ്. 1993ല്‍ താനൂരില്‍ ശോഭായാത്രക്കിടെ ബോംബ് പൊട്ടിച്ചതും തളി ക്ഷേത്രവാതിലിന് തീവെച്ചതും ഇത്തരം കുബുദ്ധികളാണ്. മതേതരരും ശാന്തിവാഹകരുമായ മലപ്പുറത്തുകാരാണ് അപ്പോഴൊക്കെ ആ കനലുകള്‍ കെടുത്താനോടിയെത്തിയത്. കഴിഞ്ഞ ദിവസം ഫൈസലിന്റെ വസതി സന്ദര്‍ശിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞത് , വികാരത്തിന് കീഴടങ്ങരുതെന്നും ഹിന്ദുസഹോദരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നുമാണ്. എല്ലാ മതസംഘടനാനേതാക്കളും സ്ഥലത്ത് ശാന്തിദൂതുമായി എത്തുകയുണ്ടായി. ഫൈസലിന്റെ ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തിന് ‘ബൈത്തുറഹ്്മ’ ഭവനമടക്കമുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ മുസ്്‌ലിം ലീഗും കെ.എം.സി.സിയും കുടുംബത്തിന്റെ ചെലവ് ഏറ്റെടുക്കാന്‍ കൊടിഞ്ഞി മഹല്ല് കമ്മിറ്റിയും രംഗത്തുവന്നത് അഭിനന്ദനീയമായ നടപടിയാണ്. സംസ്‌കാരത്തിന്റെയും ശാന്തിയുടെയും തീര്‍ഥക്കുളം കലക്കാനെത്തുന്ന എല്ലാതരം ഇരുട്ടിന്റെ ശക്തികളെയും ക്ഷമയുടെ പടവാള്‍ കൊണ്ട് ചെറുത്തുതോല്‍പിക്കാന്‍ കേരളീയര്‍ക്ക് കഴിയുക തന്നെ ചെയ്യുമെന്ന് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് രാജ്യത്തെ ഓര്‍മിപ്പിക്കാം. ഒപ്പം ഫൈസലിന്റെ ഘാതകരെ പിടികൂടി തക്ക ശിക്ഷ വാങ്ങി നല്‍കാന്‍ സര്‍ക്കാരിനും കഴിയണം.

chandrika: