രണ്ടുദിവസമായി പലയിടത്തും സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്പരം പാര്‍ട്ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയാണ്. നാട്ടില്‍ സമാധാനത്തോടെ ജീവിക്കാനുള്ള പൗരന്റെ മൗലിക സ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള കടന്നേറ്റമാണ് ഇതുവഴി ഈ രണ്ടു ഭരണപ്പാര്‍ട്ടികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റേ പേരില്‍ പലതവണ ഹര്‍ത്താലുകളും മര്‍ദനങ്ങളും കൊലപാതകവും ഏറ്റുവാങ്ങേണ്ടിവന്ന സമൂഹമാണ് കേരളത്തിലേത്. മൂന്നു കൊല്ലത്തിലധികമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണ് അക്രമത്തിന്റെ ഒരു വശത്തെങ്കില്‍, മറുഭാഗത്ത് കേരളം ഭരിക്കുന്ന പ്രധാനകക്ഷിയുടെ പ്രവര്‍ത്തകരും.
തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ടാഴ്ചയായി ഒരു കലാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്നുവന്ന തര്‍ക്കമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലേക്ക് നാടിനെ വലിച്ചിഴച്ചത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസിലേക്കുവരെ അക്രമം വ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ വീടിനുനേരെ തിരിച്ചും അക്രമം നടന്നു. എം.ജി കോളജില്‍ ഏറെക്കാലമായി ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുടെ തീട്ടൂരമാണ് നടന്നുകൊണ്ടിരിക്കുന്നതെങ്കില്‍ നഗരത്തിലെ യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐയാണ് അടക്കിഭരിക്കുന്നത്. വിദ്യാര്‍ത്ഥികളിലെ രാഷ്ട്രീയചായ്‌വുകളും അവരെ ചുടുചോറ് തീറ്റിച്ച് മുതലെടുപ്പ് നടത്തുന്ന നേതൃത്വവുമാണ് ഇവക്ക് ഉത്തരവാദി. ഇന്നലെ ഐരാണിമുട്ടത്തുള്ള ഹോമിയോകോളജ് കാമ്പസില്‍ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. സാധാരണനിലക്ക് ഇവിടെ തീരേണ്ട സംഘര്‍ഷം ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വം ഏറ്റെടുക്കുന്ന അത്യന്തം അപകടകരമായ കാഴ്ചയാണ് കാണാനായത്.
ചാല, കുന്നുകുഴി തുടങ്ങിയയിടങ്ങളിലേക്ക് വ്യാപിച്ച അക്രമം പ്രാദേശിക നേതാക്കളുടെ വീടുകളിലേക്ക് കല്ലെറിയുന്നതിലേക്കാണ് എത്തിയത്. ഇത് സ്വാഭാവികമായും കുന്നുകുഴിയിലെ ബി.ജെ.പി ആസ്ഥാന മന്ദിരത്തിന് നേരെയും ഉണ്ടായി. ഒരു പാര്‍ട്ടി ഓഫീസിന് നേരെ അക്രമം നടക്കുന്നത് കേരളത്തില്‍ ഇതാദ്യമല്ലെങ്കിലും ഒരു കൊല്ലത്തിനിടെ മൂന്നാം തവണയാണ് ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിക്കപ്പെടുന്നത് എന്നത് നിസ്സാരമായി കാണാനാവില്ല. 2016 സെപ്തംബറിലും ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനും കുന്നുകുഴിയിലെ പാര്‍ട്ടി താല്‍ക്കാലിക മന്ദിരത്തിന് നേരെ കല്ലേറുണ്ടായി. ഇതില്‍ എല്ലായ്‌പോഴും പ്രാദേശിക സി.പി.എം നേതാക്കളാണ് പ്രതികള്‍. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിയുടെ യുവജന സംഘടനാ നേതാവും കോര്‍പറേഷന്‍ കൗണ്‍സിലറുമാണ് രാത്രി ബൈക്കിലെത്തി പാര്‍ട്ടി ഓഫീസിലേക്ക് വടിയുമായി ചെന്ന് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും കല്ലെറിയുകയുമൊക്കെ ചെയ്തത്. സംഭവസമയം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മന്ദിരത്തിലുണ്ടായിരുന്നുവത്രെ. ഇദ്ദേഹത്തെ വധിക്കാനാണ് സി.പി.എമ്മുകാര്‍ ശ്രമിച്ചതെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇതിനെ അതിശയോക്തിയായി കണ്ടാല്‍ പോലും ഒരു കക്ഷിയുടെയും പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ അന്തിയുറങ്ങുന്ന വീടുകളിലേക്കു കല്ലെറിയാനും വസ്തുവകകള്‍ നശിപ്പിക്കാനും ആരാണ് ഇവര്‍ക്ക് അനുവാദം കൊടുത്തത്. ഭാഗ്യവശാല്‍ പ്രതികളെ പിടികൂടാന്‍ തക്ക തെളിവുകള്‍ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പുറം ലോകമറിഞ്ഞു. പാര്‍ട്ടി ഭരണവും പൊലീസ് വകുപ്പും തങ്ങളുടെ കയ്യിലാണെന്ന ഹുങ്കായിരുന്നില്ലേ ഇതിനുപ്രേരകം. പൊലീസുകാരിലൊരാള്‍ അക്രമികളെ തടയുമ്പോള്‍ ആ ഉദ്യോഗസ്ഥനെ മാരകായുധങ്ങളുമായി മര്‍ദിക്കുന്നതായാണ് ദൃശ്യങ്ങള്‍. സ്വാഭാവികമായും പ്രാണന്‍ ഭയന്ന് അയാളും സഹപ്രവര്‍ത്തകരും പിന്‍വാങ്ങിക്കാണണം. അവര്‍ക്കുമുണ്ടല്ലോ കുട്ടിയും കുടുംബങ്ങളും. അതോ ഭരിക്കുന്ന പാര്‍ട്ടിയുടെ നിര്‍ദേശമുണ്ടായിരുന്നോ?
വാസ്തവത്തില്‍ കര്‍ക്കിടക ചികില്‍സ പോലെ നാഴികക്ക് നാല്‍പതുവട്ടം സി.പി.എം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് അക്രമമെന്ന പരാതിയുടെ മുനയൊടിക്കുകയല്ലേ അവരിപ്പോഴും സ്വയം ചെയ്തിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നടന്ന നൂറ്റമ്പതോളം കൊലപാതകങ്ങളുടെ എണ്ണം പാതിപാതി പങ്കിട്ടെടുത്തിരിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മും. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലകള്‍ ഇരുവരും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. ആര്‍.എസ്.എസ്സുകാര്‍ ഗൂഢാലോചന നടത്തി പ്രതിയോഗികളെ കൊല്ലുമ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളെയാണ് സി.പി.എം ഉപയോഗിക്കുന്നത് എന്ന വ്യത്യാസമേ ഇരുവരും തമ്മിലുള്ളൂ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പത്തോളം കൊലപാതകങ്ങളാണ് ഇരുകക്ഷികള്‍ക്കും വേരുകളുള്ള കണ്ണൂര്‍ ജില്ലയില്‍ നടന്നത്. സര്‍ക്കാരിന്റെ അധികാരാരോഹണം ആഘോഷിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബോംബ് പൊട്ടിമരിച്ചത് സി.പി.എമ്മുകാരനായിരുന്നെങ്കില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ പാര്‍ട്ടി കണക്ക് ഏതാണ്ട് സന്തുലിതമാണ്. രണ്ടുതവണ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗങ്ങളിലും പരസ്പരം പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കില്ലെന്ന് ഇരുവിഭാഗവും ഒപ്പിട്ട് സമ്മതിച്ചതാണ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിക്കരികെ പോലും സംഘര്‍ഷം സൃഷ്ടിച്ചു. പയ്യന്നൂരിലടക്കം അതിന്നും തുടര്‍ക്കഥയാണ്. കഴിഞ്ഞ മാസമാണ് ബി.ജെ.പിക്കാര്‍ കോഴിക്കോട്ട് സി.പി.എം ജില്ലാ ആസ്ഥാന മന്ദിരം അര്‍ധരാത്രി ആക്രമിച്ച് ജനല്‍ചില്ലുകള്‍ തകര്‍ത്തത്. അന്ന് ജില്ലാസെക്രട്ടറി പി. മോഹനനെ കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലുടനീളം കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കും ജനങ്ങള്‍ക്കുനേരെയും വരെ അക്രമ പരമ്പരയുണ്ടായി. സംസ്ഥാന നേതാക്കളുടെ ശിപാര്‍ശയും ഒത്താശയുമൊക്കെ ഇതിന് ലഭിക്കുകയും ചെയ്യും. അക്രമം കാട്ടിയ പ്രവര്‍ത്തകരെ ന്യായീകരിക്കുകയല്ലാതെ അവര്‍ക്കെതിരെ നടപടിയെക്കുക ഇരുവരുടെയും രീതിയുമല്ല. ചോരപ്പുഴയൊഴുകുമെന്ന ബി.ജെ.പി നേതാവിന്റെയും വരമ്പത്തുകൂലി കിട്ടുമെന്ന സി.പി.എം നേതാവിന്റെയും വാക്കുകളല്ല പരിഹാരം.
ബി.ജെ.പി എന്ന ഏകശിലോന്മുഖ ഹിന്ദുത്വ കക്ഷി അതിന്റെ കുബുദ്ധിയുടെ വിജയാരവം രാജ്യത്തെങ്ങും മുഴക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ബീഹാറിലടക്കം കണ്ടുകൊണ്ടിരിക്കുന്നത്. അക്രമം കൊണ്ട് എതിരാളികളെ തോല്‍പിച്ചുകളയാമെങ്കില്‍ മൂന്നു പതിറ്റാണ്ടിലധികം ഭരിച്ച പശ്ചിമബംഗാളില്‍ സി.പി. എമ്മിന് അതിന് കഴിയേണ്ടതായിരുന്നു. അതുണ്ടായില്ലെന്നുമാത്രമല്ല, ഇപ്പോള്‍ ആ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് കക്ഷി. ബംഗാളും കേരളമടക്കമുള്ള തെക്കേഇന്ത്യയും എന്തുവിലകൊടുത്തും ഉള്ളംകയ്യിലാക്കാനാണ് അമിത്ഷായും മോദിയും ഉറക്കമിളച്ചിരിക്കുന്നത്. അതിനുള്ള പ്രചാരണമെഷീനറി പ്രവര്‍ത്തനം തുടങ്ങി. ഇനി ഏതുപരിധിവരെയും പോയേക്കും. ആ കുതന്ത്രത്തിന് മുന്നില്‍ ആപാദചൂഢം നിന്നുകൊടുക്കലാവരുത് സി.പി.എം ചെയ്യേണ്ടത്. ജനാധിപത്യ വഴിയില്‍ ജനവിശ്വാസം ആര്‍ജിച്ചെടുത്ത് ബാലറ്റ് പെട്ടിയിലൂടെ മറുപടി പറയാനാണ് അവര്‍ ശ്രമിക്കേണ്ടത്. അധികാരത്തിന്റെ ചില്ലുമേടയിലാണ് തങ്ങളിരിക്കുന്നതെന്നും അത് തകര്‍ന്നാല്‍ തിരിച്ചുമേല്‍ക്കുമെന്ന ബോധം മോദി-പിണറായിമാര്‍ക്ക് ഉണ്ടാകട്ടെ.