പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ ആരവം കേട്ടുതുടങ്ങിയിരിക്കേ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന്റെ അതീവ നിഗൂഢവും അതിനികൃഷ്ഠവുമായ വര്‍ഗീയ അജണ്ടകള്‍ ഒന്നൊന്നായി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യവും ജനാധിപത്യവും ഇല്ലാതാക്കി ഏകധ്രുവ മതകീയ സമൂഹ നിര്‍മിതിയിലേക്ക് സംഘ്പരിവാരം കുതിക്കുന്നുവെന്നാണ് ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച മൂന്ന് സുപ്രധാന ബില്ലുകള്‍ പൊതുമനസ്സില്‍ ഉണര്‍ത്തിവിട്ടിരിക്കുന്ന ഉത്കണ്ഠ. മുത്തലാഖ് ബില്ലും സാമ്പത്തിക സംവരണവും പൗരത്വവും സംബന്ധിച്ച ഭരണഘടനാഭേദഗതി ബില്ലുകളാണവ. എഴുപതു കൊല്ലത്തോളമായി രാജ്യം അനുഭവിച്ചുവരുന്ന മഹിതമായ ഭരണഘടനാമൂല്യങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്നതാണ് ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത്. ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതിയിലധിഷ്ഠിതമായ സ്ഥിതിസമത്വം തുടങ്ങിയവയാണ് ഇന്ത്യയെ ലോകമാനുഷിക ഭൂപടത്തില്‍ അത്യുന്നതം പരിലസിപ്പിച്ചുനിര്‍ത്തുന്നത്. ഭരണഘടനയാണ് അതിന്റെ ആണിക്കല്ല്. അതിനെതിരെ ഉയരുന്ന ഓരോ വെല്ലുവിളിയെയും ചെറുത്തുപരാജയപ്പെടുത്തേണ്ട ഭാരിച്ച ഉത്തരവാദിത്തം നിര്‍ഭാഗ്യവശാല്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നുണ്ടാകുന്നുണ്ടോ എന്ന സന്ദേഹം ഉയര്‍ന്നുവന്നിരിക്കുന്ന ഘട്ടം കൂടിയാണിത്. രാജ്യമാകമാനം സടകുടഞ്ഞെണീക്കേണ്ട സങ്കീര്‍ണമായ സന്ദര്‍ഭം. മുത്തലാഖ് ബില്‍ വിശ്വാസ സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റമാണെങ്കില്‍ സാമ്പത്തിക സംവരണബില്‍ സാമൂഹിക നീതിയുടെയും പൗരത്വബില്‍ രാജ്യാഭിമാനത്തിന്റെയും നേര്‍ക്കുയര്‍ത്തിയ വെല്ലുവിളികളാണ്.
124-ാം ഭരണഘടനാഭേദഗതിക്കായി സാമ്പത്തിക സംവരണബില്‍ അവതരിപ്പിച്ച് മോദിസര്‍ക്കാര്‍ മുന്നോട്ടുവെച്ച ആശയം ഭരണഘടനയുടെയും രാജ്യത്തിന്റെയും അന്തസ്സത്തയെതന്നെ ചോദ്യം ചെയ്യുന്നതാണ്. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സാമുദായികത മാനദണ്ഡമാക്കിയുള്ള തൊഴില്‍-വിദ്യാഭ്യാസ സംവരണം എന്ന ആശയം രാജ്യത്തെ പരിണതപ്രജ്ഞരായ മഹാന്മാരുടെ വിവേക ബുദ്ധിയിലുദിച്ച ഒന്നായിരുന്നു. ലോകംകണ്ട പ്രഗല്‍ഭ ഭരണതന്ത്രജ്ഞന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റു, അധ:കൃതരെന്ന് മുദ്രകുത്തപ്പെട്ട മഹര്‍സമുദായത്തില്‍നിന്ന് ഫീനിക്‌സ് പക്ഷിയെപോലെ ഉയര്‍ന്നുവന്ന ഡോ. ഭീംറാവുഅംബേദ്കര്‍, മുസ്‌ലിംകളുടെയും അധ:സ്ഥിത ജനതയുടെയും ജീവിതാവസ്ഥയുടെ പരിവര്‍ത്തനത്തിനായി അവിശ്രാന്തം പൊരുതിയ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ്, നിയമപണ്ഡിതനായ ബി.പോക്കര്‍സാഹിബ് തുടങ്ങിയവരാണ്, ഇന്ത്യന്‍ ജനതയിലെ മഹാഭൂരിപക്ഷംവരുന്ന കീഴാള ജനതയെ ജാതീയ സംവരണത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടല്ലാതെ ലോകത്തിനുമുന്നില്‍ നമുക്ക് തലയുയര്‍ത്തിനില്‍ക്കാനാകില്ലെന്ന സഗൗരവും സുചിന്തിതവുമായ നിലപാടെടുത്തത്. ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ രീതിയെ കീഴ്‌മേല്‍മറിച്ച് പൗരന്മാരുടെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ മുന്നോക്കജാതിക്കാര്‍ക്ക് സംവരണം ഏര്‍പെടുത്തലാണ് ബുധനാഴ്ച പാര്‍ലമെന്റ് പാസാക്കിയ സംവരണബില്ലിലൂടെ സാധിപ്പിച്ചെടുത്തിരിക്കുന്നത്.
ചര്‍ച്ചയാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നിരിക്കെ പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് തലേന്ന ്തീരുമാനിക്കുകയും പിറ്റേന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്ത പ്രസ്തുതബില്‍ കാര്യമായ ചര്‍ച്ചക്കെടുക്കാന്‍ പോലുമായില്ല. ബില്‍ 323നെതിരെ മൂന്നുവോട്ടുകള്‍ക്കാണ് പാസായത്. കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള മതേതര പാര്‍ട്ടികള്‍പോലും ബില്ലിനെ പിന്തുണക്കുന്നതാണ് കണ്ടത്. ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്തു വോട്ടുചെയ്യാന്‍ തയ്യാറായത് 543 അംഗസഭയിലെ മൂന്നുപേര്‍ മാത്രം. അതിലെ രണ്ടുപേര്‍ മുസ്‌ലിംലീഗിന്റെ പ്രതിനിധികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ്ബഷീറുമാണ്. മറ്റൊരാള്‍ അസദുദ്ദീന്‍ഉവൈസിയും. രാജ്യസഭയിലും 165നെതിരെ വോട്ടുചെയ്യാനുണ്ടായിരുന്നത് മുസ്‌ലിംലീഗിന്റെതന്നെ പി.വി അബ്ദുല്‍വഹാബും ഡി.എം.കെയിലെ ഉള്‍പ്പെടെ ആറുപേരും. ബില്ലിനു പിന്നിലെ രാഷ്ട്രീയം കോണ്‍ഗ്രസും മറ്റും ചൂണ്ടിക്കാണിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുന്ന ഈ നിയമത്തെക്കുറിച്ച് പിന്നാക്കസമുദായത്തിനുവേണ്ടി വീറോടെ വാദിക്കുന്ന ബി.എസ്.പി പോലും അനുകൂലമായാണ് വോട്ടുരേഖപ്പെടുത്തിയതെന്നത് വോട്ടുരാഷ്ട്രീയം ഏതുതലംവരെ എത്തുമെന്നതിന്റെ ആശങ്കാജനകമായ മുന്നറിയിപ്പാണ്. തമിഴ്‌നാട്ടില അണ്ണാ ഡി.എം.കെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത് അവരുടെ അധ:സ്ഥിത ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി. മൂന്നില്‍രണ്ട് ഭൂരിപക്ഷം ബില്ല് പാസാകുന്നതിന് അനിവാര്യമായിരിക്കെ പ്രതിപക്ഷകക്ഷികള്‍ അനുകൂലിച്ചിരുന്നില്ലെങ്കില്‍ സാമൂഹിക നീതിയെന്ന രാഷ്ട്രശില്‍പികളുടെ വിശാല ലക്ഷ്യത്തെ അട്ടിമറിക്കുന്ന ഈ ബില്‍ ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പിക്കപ്പെടില്ലായിരുന്നു. ഇതിലപ്പുറം നാണക്കേട് ഒരു മതേതരരാഷ്ട്രത്തിനും രാഷ്ട്രീയത്തിനും സംഭവിക്കാനുണ്ടോ! രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായ പൗരാവകാശത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കുംവേണ്ടി മുസ്‌ലിംലീഗ് പ്രതിനിധികള്‍ നിയമനിര്‍മ്മാണ സഭകളില്‍ പൊരുതിനിന്നു പ്രതിരോധിച്ചതിന് സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലമെന്റിന്റെ ഒന്നാംസഭ തൊട്ടുള്ള ചടുലമായ സാക്ഷ്യങ്ങളുണ്ട്. ഭരണഘടനാനിര്‍മാണസഭയിലുള്‍പ്പെടെ മുസ്‌ലിംലീഗ് കൈക്കൊണ്ട നിലപാടുകളും നടപടികളും ഇന്ത്യാചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെട്ടുകിടപ്പുണ്ട്. ധനമോ ദാരിദ്ര്യമോ അല്ല ജാതിയാണ് ഇന്ത്യയിലെ മേലാള കീഴാള വിവേചനത്തിനും അവസര സമത്വത്തിനുമെതിര്. പിന്നാക്ക സമുദായമെന്ന സംജ്ഞയില്‍ മുസ്‌ലിംകളും ഉള്‍പ്പെടും എന്ന് ഭരണഘടനാഅംസബ്ലിയില്‍ വാദിച്ചുസ്ഥാപിച്ച ജനനേതാവാണ് മുഹമ്മദ് ഇസ്മയില്‍സാഹിബ്. ഒന്നാം ലോക്‌സഭയില്‍ പ്രത്യേക വിവാഹനിയമം ഭരണബെഞ്ചിനുവേണ്ടി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ബി. പോക്കര്‍സാഹിബിന്റെ ‘ഞാന്‍ വിയോജിക്കുന്നു’ എന്ന ഒരൊറ്റ വാചകംകൊണ്ട് ബില്‍ മുസ്‌ലിംകളുടെ വിശ്വാസത്തിനെതിരാണെന്ന തിരിച്ചറിവോടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പിന്‍വലിച്ച പാരമ്പര്യം മോദികാല മതേതര നേതൃത്വം മറന്നുപോവരുതായിരുന്നു. ദലിത് -മറ്റുപിന്നാക്ക വിഭാഗങ്ങളുടെ മൊത്തം അവകാശ സംരക്ഷണത്തിനാണ് മുസ്‌ലിംലീഗ് നേതൃത്വം പില്‍കാലത്തും സി.എച്ച് മുഹമ്മദ് കോയ, ഇബ്രാഹിംസുലൈമാന്‍സേട്ട്, ഗുലാംമഹ്മുദ് ബനാത്‌വാല, ഇ. അഹമ്മദ് എ.കെ.എ അബ്ദുസ്സമദ് തുടങ്ങിയവരിലൂടെ ഉയര്‍ത്തിപ്പിടിച്ചതും പോരാടിയതും. തൊഴിലാളി വര്‍ഗ സൈദ്ധാന്തികര്‍ പോലും ബി.ജെ.പി സര്‍ക്കാരിന്റെ ഗൂഢപദ്ധതിക്ക് കൂട്ടുനില്‍ക്കുന്ന ദയനീയാവസ്ഥയിലാണ് മുസ്‌ലിംലീഗിന്റെ മൂന്നുവോട്ടുകള്‍ ചരിത്രത്തിന്റെ തങ്കലിപികളില്‍ രേഖപ്പെട്ടുകിടക്കുക. അന്യരുടെ അവകാശങ്ങളില്‍ കൈകടത്താതിരിക്കുമ്പോള്‍ തന്നെ സ്വസമുദായത്തിന്റെ അണുഅംശം അവകാശംപോലും വിട്ടുകൊടുക്കുകയുമില്ലെന്ന സി.എച്ചിന്റെ ആശയം പ്രയോഗവല്‍കരിക്കുകയായിരുന്നു മുസ്‌ലിംലീഗിന്റെ പുതിയകാല പ്രതിനിധികള്‍.
അയല്‍രാജ്യങ്ങളിലെ മുസ്‌ലിംകളല്ലാത്തവര്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതിബില്‍ മുസ്‌ലിംകളുടെയും വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഇതരജനവിഭാഗങ്ങളുടെയും അസ്തിത്വം ചോദ്യം ചെയ്യുകയാണ്. ബില്‍ അവതരിപ്പിച്ചദിനം പി.കെ കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചതുപോലെ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ കറുത്തദിനം തന്നെയാണ്. സംവരണഭേദഗതിബില്ലുവഴി രാജ്യത്തെ 70 ശതമാനത്തിലധികം വരുന്ന ജനങ്ങള്‍ക്കാണ് നീതിനിഷേധിക്കപ്പെടുന്നതെങ്കില്‍ പൗരത്വ ബില്ലിലൂടെ മുസ്‌ലിംകളെ അപരവല്‍കരിക്കുന്ന കൊടുംവര്‍ഗീയതയാണ് സംഘ്പരിവാര സര്‍ക്കാര്‍ തുറന്നുവിട്ടിരിക്കുന്നത്. കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങളുടെ സംസ്ഥാപനമാണ് മാതൃരാജ്യത്തേക്കാള്‍ ആര്‍.എസ്.എസ്സിന്റെ ലക്ഷ്യമെങ്കില്‍ ഹിന്ദുത്വത്തെ ഹൈന്ദവതകൊണ്ട് നേരിടാമെന്ന വ്യാമോഹത്തിലൂടെ സ്വന്തം മതേതരപൈതൃകത്തെതന്നെയാണ് സ്വയം ഖബറടക്കുന്നതെന്ന് മറ്റുള്ളവര്‍ തിരിച്ചറിയണം.