പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. വീടിന്റെ ടെറസിലെ പായല്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കൂവപ്പടി ശങ്കരന്റെ ഭാര്യ വത്സല(65), മകന്‍ ബാബു(38)എന്നിവരാണ് മരിച്ചത്.

ടെറസ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ബാബുവിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച അമ്മക്കും ഷോക്കേല്‍ക്കുകയായിരുന്നു. ടെറസില്‍ വെള്ളം കെട്ടി നിന്നിരുന്നതാണ് ഷോക്കേല്‍ക്കാന്‍ കാരണം. ഇരുവര്‍ക്കും ഷോക്കേറ്റതോടെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും അപകടം ഒഴിവാക്കാന്‍ സാധിച്ചില്ല. സമീപവാസികള്‍ പെരുമ്പാവൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. കാറ്ററിംങ് തൊഴിലാളിയാണ് ബാബു. ഭാര്യ-നീതു, മക്കള്‍-സങ്കല്‍പ്പ, സാഹിത്യ. ലത സഹോദരിയാണ്.