ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 481 റണ്‍സിന്റെ ലീഡ്. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ 286 റണ്‍സന് ഓള്‍ഔട്ടായി. രവിചന്ദ്ര അശ്വിന്റെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്. 134 പന്തുകളില്‍ നിന്നും 14 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചത്. താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്.
ഇന്ത്യക്കായി ക്യാപ്റ്റന്‍ കോലി അര്‍ധശതകം നേടി. താരത്തിന്റെ ടെസ്റ്റിലെ 27-ാം അര്‍ധസെഞ്ചുറിയാണിത്.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ 329 റണ്‍സിന് പുറത്തായെങ്കിലും സന്ദര്‍ശകരെ 134 റണ്‍സിന് പുറത്താക്കി 195 റണ്‍സ് ലീഡ് ഇന്ത്യ പിടിച്ചെടുത്താണ് രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്.

54ന് ഒന്ന് എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ തകര്‍ച്ചയെ നേരിട്ടു. മൂന്നാം ദിനത്തിലെ ആദ്യ ഓവറില്‍ തന്നെ പൂജാര റണ്ണൗട്ടായി മടങ്ങി. പിന്നാലെ രോഹിതും രഹാനെയും പന്തും അക്സര്‍ പട്ടേലും കൂടാരം കയറിയതോടെ ഇന്ത്യ തകര്‍ന്നു. എന്നാല്‍ പിന്നീട് കോലിക്ക് കൂട്ടായി അശ്വിന്‍ എത്തിയതോടെ ഇന്ത്യ ട്രാക്കിലാവുകയായിരുന്നു.