ചെന്നൈ: ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 164 റണ്‍സില്‍ ഒതുക്കിയ ഇന്ത്യയ്ക്ക്, ചെന്നൈ ചെപ്പോക്കിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ വിജയം. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടമെന്ന സ്വപ്നത്തിലേക്ക് പന്തെറിഞ്ഞ അക്‌സര്‍ പട്ടേലിന്റെ മികവിലാണ് ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കിയത്.

482 റണ്‍സിന്റെ അതീവ ദുഷ്‌കരമായ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലിഷ് പടയെ 164 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ, 317 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ സന്ദര്‍ശകര്‍ക്ക് ഒപ്പമെത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ വേദിയില്‍ 227 റണ്‍സ് വിജയവുമായി നാണംകെടുത്തിയ ഇംഗ്ലണ്ടിനെ, അതിലും വലിയ വിജയത്തോടെയാണ് ഇന്ത്യ പിടിച്ചുകെട്ടിയത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഫെബ്രുവരി 24 മുതല്‍ അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് നഷ്ടമായ 10 വിക്കറ്റുകളും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പങ്കിട്ടു. 21 ഓവറില്‍ 60 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത അക്‌സര്‍ പട്ടേലിന്റെ നേതൃത്വത്തിലാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. രണ്ട് ഇന്നിങ്‌സിലുമായി പട്ടേല്‍ ഏഴു വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത അശ്വിന്‍, ഇത്തവണ 18 ഓവറില്‍ 53 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് 6.2 ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അവസാന നിമിഷങ്ങളില്‍ ആളിക്കത്തിയ മോയിന്‍ അലി 18 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം 43 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി.