ദോഹ: ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്കും പദ്ധതികള്‍ക്കും പിന്തുണയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ അംബാസഡര്‍ അക്‌സെല്‍ വാബന്‍ഹോസ്റ്റ് പറഞ്ഞു. ഷാന്‍ഗ്രിലാ ഹോട്ടലില്‍ ഓസ്‌ട്രേലിയന്‍ ദിനാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖത്തര്‍ വിപണിയില്‍ ഓസ്‌ട്രേലിയന്‍ ഉത്പന്നങ്ങള്‍ കൂടുതലായി എത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വരണ്ട ഭൂപ്രദേശവും ഭൂഖണ്ഡവുമാണ് ഓസ്‌ട്രേലിയ. തല്‍ഫലമായി ഉഷ്ണഭൂമിയിലെ കൃഷിയില്‍ ഓസ്‌ട്രേലിയ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
മേഖലാ തര്‍ക്കങ്ങളുടെ സാഹചര്യത്തില്‍ ഖത്തര്‍ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയ പിന്തുണയും സഹായവും നല്‍കുമെന്ന് അംബാസഡര്‍ വ്യക്തമാക്കി. ഖത്തറും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷിബന്ധം പ്രതിവര്‍ഷം 1.77ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ്. ഇറക്കുമതിയും കയറ്റുമതിയും ഏകദേശം തുല്യമായി തുടരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പുതിയ കപ്പല്‍ഗതാഗത റൂട്ട് വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയില്‍ ഖത്തര്‍ നിക്ഷേപം നടത്തുന്നുണ്ട്.
ഹസ്സദ് ഫുഡ് ഓസ്‌ട്രേലിയന്‍ ഫാമുകളില്‍ 450 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. അടിസ്ഥാനസൗകര്യവികസനമേഖലയില്‍ ഇലക്ട്രിസിറ്റി വിതരണം, റിയല്‍എസ്റ്റേറ്റ് എന്നിവയിലും ഖത്തര്‍ നിക്ഷേപമുണ്ട്.