ദുബായ്: ബിനോയ് കോടിയേരി വിവാദം മുറുകുന്നതിനിടെ സി.പി.എമ്മിനെ കൂടുതല്‍ പ്രതികൂട്ടിലാക്കി മുന്‍ മന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ ഇ പി ജയരാജന്റെ മകനെതിരെയും സാമ്പത്തിക തട്ടിപ്പ് ആരോപണം. രാജു എന്ന് വിളിക്കുന്ന ജിതിന്‍ രാജിനെതിരെയാണ് ദുബായ് കോടതിയില്‍ കോടികളുടെ തട്ടിപ്പുകേസും ശിക്ഷാ വിധിയും നിലനില്‍ക്കുന്നുണ്ടെന്ന രേഖകള്‍ പുറത്ത് വന്നത്. ദുബായിലെ ഒരു ബാങ്കില്‍ നിന്ന് പണം എടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്നാണ് കേസ്. ക്രിമിനല്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത 53790-2016 എന്ന പരാതിയിലാണ് ജിതിന്‍രാജിനെതിരെ 15772528 എന്ന ഫയല്‍ നമ്പര്‍ പ്രകാരം കേസ് നിലനില്‍ക്കുന്നത്. ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ഒക്ടോബര്‍ 31ന് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2016 മെയ് 25ന് മുമ്പേ, ജിതിന്‍രാജ് ദുബായില്‍ നിന്ന് മുങ്ങിയതായാണ് വിവരം. പാസ്പോര്‍ട്ട് നമ്പര്‍ ജെ-3745315 പ്രകാരം മൂന്നു മാസത്തെ തടവിന് ശിക്ഷിച്ച കുറ്റവാളിയാണ് ജിതിന്‍ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു.