ബെംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബെംഗളൂരുവിലെ ഓഫിസില്‍ എത്തിച്ചു. ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

അതേസമയം, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ബിനീഷ് പ്രതികരിച്ചില്ല. ലഹരി ഇടപാട് കേസില്‍ അനൂപ് മുഹമ്മദിനെ നിയന്ത്രിച്ചത് ബിനീഷാണെന്ന് ഇഡി വ്യക്തമാക്കി. ബെംഗളൂരുവിലെ ഇടപാടുകള്‍ ബിനീഷ് കേരളത്തിലിരുന്നാണു നിയന്ത്രിച്ചത്. ലഹരി ഇടപാടിനായി പണംവന്ന അക്കൗണ്ടുകള്‍ ബിനീഷിന്റെ അറിവിലുള്ളതാണെന്നും ഇഡി വ്യക്തമാക്കി.

ലഹരി ഗുളികകളുമായി ഓഗസ്റ്റ് 21നു നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. കേസിലെ ആറാം പ്രതിയാണു ബിനീഷ്.

തന്റെ അക്കൗണ്ടില്‍ ലഭിച്ച 50 ലക്ഷം രൂപ, ബിനീഷിന്റെ ഉറപ്പില്‍ പലരില്‍നിന്നായി ലഭിച്ചതാണെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു. 20 അക്കൗണ്ടുകളില്‍നിന്നാണ് ഈ പണം വന്നത്.