എസ്.ഐ.ആർ, പി.എം ശ്രീ, ലേബർ റൂൾ എന്നീ ഗൗരവപരമായ പ്രശ്‌നങ്ങൾ ഈ ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ സമീപ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. അവരുടെ വിശ്വാസപരമായ സ്വാതന്ത്രത്തെയും നിലനിൽപ്പിനെ തന്നെയും അപകടപ്പെടുത്തുന്ന വിധത്തിലുള്ള സംഭവവികാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.
കേന്ദ്ര ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ആയുധമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. അതുപോലെ തന്നെ യൂണിഫോം സിവിൽ കോഡ് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്. പല സ്ഥലങ്ങളിലും നിയമം പാസാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭരണഘടനക്ക് ഉപരിയായുള്ള അധികാരങ്ങൾ പ്രയോഗിക്കുന്ന ഭരണകൂടങ്ങൾ ആയി ഇത്തരം സംസ്ഥാനങ്ങൾ മാറിക്കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ് നടപടിക്രമങ്ങളിൽ പോലും നാടകീയതയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഗൗരവപരമായി സഭയെ കാണുന്നതിനു പകരം ചരിത്രത്തിൽ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലത്ത വിധത്തിൽ ശീതകാല സെഷന്റെ ദിവസങ്ങൾ കുറച്ചിരിക്കുകയാണ്. ഈ ഗവൺമെന്റിന് യാഥാർഥ്യബോധം ഇല്ലെന്ന് മാത്രമല്ല അവർ ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്‌ചെയ്തികൾ തുടരാനും കൂടുതൽ അപകടങ്ങളിലേക്കും തങ്ങളുടെ താൽപര്യങ്ങളിലേക്കും രാജ്യത്തെ മാറ്റിയെടുക്കാനുമുള്ള രാഷ്ട്രീയ ദുഷ്ടബുദ്ധിയാണ് ഗവൺമെന്റ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.