തിരൂരങ്ങാടി: മകന്റെ ഘാതകനെ ജയിലിലടച്ചിട്ടും തപിക്കുന്ന മനസ്സുമായി കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് കൃഷ്ണന്‍ നായര്‍. ‘ മകനെ കൊല്ലുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ജീവന്‍ കൊടുത്തും ഞാനവനെ രക്ഷിക്കുമായിരുന്നു. മകന് ഭീഷണിയുള്ളത് ആരുമെന്നെ അറിയിച്ചിരുന്നില്ല. മദ്യപിക്കുന്ന ദുശ്ശീലമുള്ളതു കൊണ്ടായിരിക്കാം ആരും പറയാതിരുന്നത്. പൊന്നുമോന്റെ മൃതദേഹം നടുറോഡില്‍ കിടക്കുന്നത് കണ്ട് നെഞ്ചുപൊട്ടി. ആയുസിന്റെ പകുതിയിലേറെയും മദ്യപിച്ച് നടന്ന ഞാന്‍ മകന്റെ മരണശേഷം മദ്യപിച്ചിട്ടില്ല; ഉറങ്ങിയിട്ടുമില്ല.’-നായര്‍ വിതുമ്പി കൊണ്ടു പറഞ്ഞു.
ഫൈസലിന്റെ മരണത്തിന് ശേഷം കൃഷ്ണന്‍ നായര്‍ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. ഫൈസലിന്റെ അമ്മാവന്റെ മകന്‍ സജീഷും സഹോദരീ ഭര്‍ത്താവ് വിനോദും ഫൈസലിനെ വകവരുത്തുന്നതിന് കൂട്ടുനിന്നത് അദ്ദേഹത്തെ ഭയപ്പെടുത്തുന്നുണ്ട്. ഫൈസല്‍ വെട്ടേറ്റ് മരിച്ച് റോഡില്‍ കിടക്കുന്നത് കൊണ്ടുപോയി കാണിച്ചത് സജീഷായിരുന്നു. സഹോദരീ ഭര്‍ത്താവായ വിനോദ് ഇത്രയും ക്രൂരത അവനോട് ചെയ്യുമെന്ന് കരുതിയില്ല നായര്‍ പറയുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊന്നിരുന്നെങ്കില്‍ നടുറോഡില്‍ കിടന്നു ഇഞ്ചിഞ്ചായി മരിക്കേണ്ട ഗതി തന്റെ മകനുണ്ടാവില്ലെന്ന് കൃഷ്ണന്‍ നായര്‍ പറയുന്നു. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആര്‍ക്കും ഉപദ്രവം ചെയ്യാത്ത ഫൈസല്‍ കുടുംബത്തിന്റെ പൂര്‍ണ സമ്മതത്തോടെയാണ് മതം മാറിയത്. ആര്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാവാന്‍ പാടില്ലെന്നും ഫൈസലിന്റെ പിതാവ് പറഞ്ഞു.