മലപ്പുറം: മതം മാറിയതിന്റെ പേരില്‍ മലപ്പുറം കൊടിഞ്ഞിയില്‍ ഫൈസലിന്റെ വെട്ടിക്കൊന്ന കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. മലപ്പുറം പുല്ലൂന്നി സ്വദേശികളായ അപ്പൂസ്, ബാബു, കുട്ടാപ്പു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ മൂന്നുപേരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പോലീസ് പറഞ്ഞു.

നേരത്തെ കൊലപാതകികള്‍ ഹിന്ദുസംഘടനയിലുള്ളവരാണെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ സംഘടനയുടെ പേര് വെളിപ്പെടുത്താനാകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് ആര്‍എസ്എസ് ബന്ധം സ്ഥിരീകരിച്ചു. നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ സഹോദരി ഭര്‍ത്താവടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. സഹോദരി ഭര്‍ത്താവ് വിനോദ്, ഹരിദാസ്, ഷാജി, സുനി, ലികേഷ്, പ്രദീപ്, സതീഷ്, ജയപ്രകാശ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മതം മാറിയതിന്റെ പേരിലാണ് നവംബര്‍ 9ന് താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നവഴി ഫൈസലിനെ കൊലപ്പെടുത്തിയത്. ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു ഫൈസല്‍.