ഇന്‍ഡോര്‍: ഫായിസ് യാക്കൂബ് ഫസല്‍-ഇന്ത്യന്‍ ക്രിക്കറ്റിനെ നന്നായി അറിയുന്നവര്‍ക്ക് ഈ നാഗ്പ്പൂരുകാരനെ അറിയാം. ഒരേ ഒരു തവണ ഫസല്‍ ഇന്ത്യന്‍ ടീമിലെത്തിയിരുന്നു. 2016 ല്‍ ഹരാരെയില്‍ സിംബാബ്‌വെക്കെതിരെ രാജ്യത്തിനായി ഏകദിനം കളിച്ചു. പുറത്താവാതെ 55 റണ്‍സും കന്നി രാജ്യാന്തര മല്‍സരത്തില്‍ നേടി. അതും മുപ്പതാം വയസ്സില്‍. അതിന് ശേഷം ഫസലിന് അവസരം ലഭിച്ചിട്ടില്ല.

പക്ഷേ നഷ്ടമാവുന്ന അവസരങ്ങളെ കുറിച്ചോര്‍ത്ത് ഖിന്നനാവുന്നതിന് പകരം ആത്മവിശ്വാസത്തോടെ ഫസല്‍ കളി തുടര്‍ന്നു-ഇപ്പോഴിതാ വിദര്‍ഭക്ക് രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് കിരീടം സമ്മാനിക്കുന്ന നായകനായി മാറിയിരിക്കുന്നു 32 കാരന്‍. ആഭ്യന്തര സര്‍ക്ക്യൂട്ടില്‍ എല്ലാ മല്‍സരങ്ങളിലും കളിച്ചിരുക്കുന്നു അദ്ദേഹം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചു. 2003 ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കേരളത്തിനെതിരായ ക്വാര്‍ട്ടറില്‍ ആദ്യ ഇന്നിംഗ്‌സില്‍ പതറിയ ശേഷം രണ്ടാം ഇന്നിഗ്‌സില്‍ 119 റണ്‍സുമായി അരങ്ങ് വാണത് നായകനായിരുന്നു.

ഹിമാചല്‍ പ്രദേശിനെതിരെ നാഗ്പ്പൂരില്‍ 206 റണ്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത്. ബംഗാള്‍, സര്‍വീസസ് , ചത്തിസ്ഗര്‍ എന്നിവര്‍ക്കെതിരെയെല്ലാം ഈ സീസണില്‍ സെഞ്ച്വറി നേടിയ നായകന്‍ സൗമനസ്യത്തോടെ പറയുന്നത്- കിരീടം തന്റെ താരങ്ങള്‍ക്കുള്ളതാണെന്നാണ്.