കണ്ണൂര്‍: സിസ്റ്റര്‍ അഭയ വധക്കേസിലെ സാക്ഷി ‘അടയ്ക്കാ രാജു’ എന്ന രാജുവിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ സഹായ അഭ്യര്‍ത്ഥന. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാമായാണ് സഹായ അഭ്യര്‍ത്ഥന പ്രചരിക്കുന്നത്.

കോട്ടയം സംക്രാന്തി കനറാ ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും, രാജുവിന്റെ ഫോട്ടോയും സഹിതമാണ് പോസ്റ്റ് പ്രചരിക്കുന്നത്. കേസ് കോടതിയില്‍ തെളിയാന്‍ പ്രധാന ഘടകമായത് അടയ്ക്കാ രാജുവിന്റെ ദൃക്‌സാക്ഷിത്വമാണ് എന്നത് ചൂണ്ടിക്കാണിച്ചാണ് പ്രചാരണം. പണത്തിന്റെ പ്രലോഭനത്തില്‍ വീഴാത്ത ഈ മനുഷ്യന് പാരിതോഷികം നല്‍കണമെന്നാണ് അഭ്യര്‍ഥന.

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജു എന്ന വ്യക്തി തുടങ്ങിയ അക്കൗണ്ടിലെ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യര്‍ത്ഥനയില്‍ ഉള്ളത്. പള്ളിപ്പുറം എന്നാണ് അന്ന് സ്ഥലം പറഞ്ഞത്. അന്ന് രാജു ബാങ്കില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ വേറെ ആളാണ് ഉപയോഗിക്കുന്നത്. കോട്ടയം സംക്രാന്തിയിലെ കനറാ എസ്എം ബാങ്കാണിത്. അക്കൗണ്ടില്‍ പണം വരുന്നുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.