തൃശൂര്‍: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് വ്യാജസന്ദേശം. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് വ്യാജ സന്ദേശം വന്നത്. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ എത്തിയ സന്ദേശം തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയായിരുന്നു.

മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു, ഉടന്‍ രക്ഷിക്കണം എന്നായിരുന്നു സന്ദേശം. ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തിയത്. കാനാട്ടുകര മേഖലയിലെ ഫഌറ്റില്‍ നിന്നാണ് എന്നാണ് സൂചന നല്‍കിയിരുന്നത്.

പൊലീസ് പുലര്‍ച്ചെയോടെ എത്തി ഇവിടെയുള്ള ഫഌറ്റുകളിലെല്ലാം പരിശോധന നടത്തി. ഫഌറ്റുകളില്‍ അന്വേഷണം നടത്തിയതിന് പിന്നാലെ സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു. ഇതില്‍ നിന്ന് കാനാട്ടുകരയിലെ ഫഌറ്റില്‍ താമസിച്ചിരുന്ന വയോധികയായ മുന്‍ അധ്യാപികയായിരുന്നു ഫോണ്‍ വിളിച്ചത് എന്ന് കണ്ടെത്തി. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്. പൊലീസ് സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തു.