പനാജി: പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെ(39)യെ ഗോവയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിവസ്ത്രമായി കൈയ്യും കാലും കെട്ടിയിട്ട നിലയിരുന്നു മൃതദേഹം. മോണിക താമസിച്ചുവന്നിരുന്ന സങ്കോള്‍ഡയിലെ വാടക വീട്ടിലാണ് കൊലപാതകം നടന്നത്.

വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതക വിവരം അറിഞ്ഞതെന്നും വന്നു നോക്കിയപ്പോള്‍ മൃതദേഹം നഗ്നമായ നിലയിലായിരുന്നന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. മോണിക്കയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, വീടിനുള്ളിലേക്ക് ആരും പ്രവേശിക്കുന്നതു കണ്ടില്ലെന്നാണ് കാവല്‍ക്കാരന്‍ പറയുന്നത്. എന്നാല്‍ മൂന്ന് മുറികളുള്ള വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ടു കിട്ടിയാല്‍ മാത്രമേ മരണകാരണമെന്താണെന്നു വ്യക്തമാകുകയുള്ളൂ. മാനഭംഗം നടന്നതിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇന്‍സ്‌പെക്ടര്‍ പറയുന്നു.

വടക്കന്‍ ഗോവയിലെ പ്രമുഖ ബീച്ചായ കലാന്‍ഗുട്ടെക്ക് സമീപമാണ് കൊലപാതകം നടന്നത്. വീട്ടില്‍ മോണിക തനിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജൂണിലാണ് ഇവിടേക്ക് താമസം മാറ്റിയത്. അനേകം വിദേശികള്‍ വിനോദയാത്രക്കെത്തുന്ന മേഖലയിലെ കൊലപാതക വാര്‍ത്ത ടൂറിസത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.