കൊച്ചി: അതിര് വിടുന്ന താരാരാധനക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് മുരളി ഗോപിയുടെ പ്രതികരണം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഫാന്‍സുകാരുടെ കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍ ഫാന്‍ എന്നല്ല ഫനറ്റിക്ക്(മതഭ്രാന്തന്‍) എന്നാണ് അവര്‍ക്ക് ചേരുന്നതെന്ന് മുരളി ഗോപി പറയുന്നു. തോപ്പില്‍ ജോപ്പന്റെയും പുലിമുരുകന്റെയും റിലീസ് സമയത്തായിരുന്നു ഫാന്‍സുകാരുടെ സോഷ്യല്‍ മീഡിയാ വിളയാട്ടം. ഇതില്‍ പുലിമുരുകന് എതിരെ റിവ്യൂ പോസ്റ്റ് ചെയ്ത വീട്ടമ്മയെ പോലും ഫാന്‍സുകാര്‍ വെറുതെവിട്ടിരുന്നില്ല. നേരത്തെ നടന്‍ പൃഥ്വിരാജും അതിരുവിടുന്ന ഫാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. തന്റെ ചിത്രത്തെ ഉയര്‍ത്തിക്കാണിക്കാന്‍ മറ്റൊരു നടന്റെ സിനിമയെ മോശമാക്കരുതെന്നായിരുന്നു പൃഥ്വിയുടെ ഉപദേശം. അതേസമയം മുരളിഗോപിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ പ്രവഹിക്കുകയാണ്..