കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ അട്ടിപ്പേറ് ലീഗിനെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ അട്ടിപ്പേറ് സഖാക്കള്‍ക്ക് ഇല്ലെന്ന് പറയാന്‍ തയാറാകുമോ എന്ന് എംഎസ്എഫ് ദേശീയ വൈസ്പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

എസ്‌കെഎസ്എസ്എഫിന്റെ പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്‌ഐ തടഞ്ഞ നടപടിയെയും അവര്‍ വിമര്‍ശിച്ചു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാട് എന്നും ഫാത്തിമ തഹ്‌ലിയ ചോദിച്ചു.

ഫാത്തിമ തഹ്‌ലിയയുടെ ഫെയ്‌സ്ബുക് കുറിപ്പ്
SKSSF പതാക ഉയര്‍ത്തുന്നത് DYFI തടയുന്ന വാര്‍ത്ത വീഡിയോ സഹിതം പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാട്? മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേര്‍ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയന്‍ കേരളത്തിന്റെ അട്ടിപ്പേര്‍ സഖാക്കള്‍ക്ക് ഇല്ലെന്ന് കൂടെ പറയാന്‍ തയ്യാറാകുമോ? പതാക ദിനവുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്കിറങ്ങിയ സുന്നി വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ട സ്വന്തം പാര്‍ട്ടിക്കാരെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.