പനാജി : ഐഎസ്എലില്‍ പുതിയ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരബാദ് എഫ്‌സിയെയാണ് തോല്‍പിച്ചത്. ലീഗിലെ ഏഴാമത്തെ ഈ മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ഒരു ജയം കാണാന്‍. ഏകപക്ഷീയമായ രണ്ടു ഗോളിന്റെ ആധിപത്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മിന്നുംജയം.

സീസണില്‍ ഇതുവരെ ഇറങ്ങാതിരുന്ന മലയാളി താരം അബ്ദുല്‍ ഹക്കുവാണ് മലയാളി ടീമിന്റെ വിജയ കുതിപ്പിന് നാന്ദി കുറിച്ചത്. 29ാം മിനിറ്റില്‍ ഫകുണ്ടോ പെരേര എടുത്ത കോര്‍ണര്‍ ഒരത്യുഗ്രന്‍ ഹെഡറിലൂടെ ഹക്കു ഗോളാക്കി. ജോര്‍ദന്‍ മറെയാണ് രണ്ടാമത് വല കുലുക്കിയത്. രണ്ടാം പകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ അക്രമിച്ചു കളിക്കാന്‍ ആരംഭിച്ചു. സഹലും ജോര്‍ദന്‍ മറെയും നിരവധി അവസരങ്ങള്‍ കിട്ടിയത് മുതലെടുത്തില്ല.

ടീം ഒന്നു ഉടച്ചുവാര്‍ത്താണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. അതിന്റെ ഗുണം കാണാനുണ്ടായിരുന്നു. കോസ്റ്റയും കോനെയും ഹൂപ്പറും ഇന്ന് പുറത്തിരുന്നു. ഹക്കുവും സന്ദീപും കളത്തിലേക്കും വന്നു. മൂന്ന് വിദേശ താരങ്ങള്‍ മാത്രം കളത്തിലിറങ്ങിയ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് അഭിമാന ജയം നേടി.