സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കണമെന്ന കോടതിവിധിക്ക് സര്‍ക്കാര്‍ കളമൊരുക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മറ്റു നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്പീക്കര്‍ സഭ ഇന്നലെ പിരിച്ചു വിടുകയായിരുന്നു.
ശൂന്യവേളയില്‍ പ്രതിപക്ഷത്തെ വി.ഡി സതീശനാണ് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയത്. അഞ്ച് ലക്ഷം രൂപ ഫീസ് ഹൈക്കോടതി അംഗീകരിച്ച ശേഷം ആരോഗ്യമന്ത്രിയെയും സെക്രട്ടറിയെയും നോക്കുകുത്തിയാക്കി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടാണ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ കരാര്‍ ഒപ്പിട്ടതെന്ന് സതീശന്‍ ആരോപിച്ചു. സുപ്രീംകോടതി ഇപ്പോള്‍ നിര്‍ദേശിച്ച 11 ലക്ഷം രൂപ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതല്ലെന്നും ഹൈക്കോടതിയുടെ 21 നുള്ള അന്തിമവിധിയില്‍ ഫീസ് കുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പാവപ്പെട്ട കുട്ടികള്‍ക്ക് 25000 രൂപ ഫീസില്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണ് എം.ഇ.എസ്, പരിയാരം, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജുകളുമായി കരാര്‍ ഒപ്പിട്ടത്. ഫീ റഗുലേറ്ററി കമ്മീഷന്‍ അഞ്ച് ലക്ഷം രൂപ ഫീസ് നിശ്ചയിച്ചപ്പോള്‍ തന്നെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതി ഈ ഫീസ് അംഗീകരിച്ചെങ്കിലും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആദ്യഘട്ട അലോട്ട്‌മെന്റില്‍ സ്വകാര്യകോളജുകളെ പരിഗണിക്കാന്‍ കഴിഞ്ഞില്ല. ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് സുപ്രീംകോടതി തള്ളിയിട്ടില്ല. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാനേജ്‌മെന്റുകള്‍ക്ക് കോടതി ആനുകൂല്യം നല്‍കിയതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ ഇരിപ്പിടത്തിലേക്ക് മടങ്ങാന്‍ തയ്യാറായില്ല. ഇതോടെ സബ്മിഷന്‍ റദ്ദാക്കി. മാരിടൈംബോര്‍ഡ് ബില്ല് ചര്‍ച്ചയില്ലാതെ സബ്ജക്ട് കമ്മറ്റിക്ക് വിട്ട ശേഷം സഭ നേരത്തെ പിരിയുകയായിരുന്നു.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ഫീസ് നിശ്ചയിച്ച ശേഷവും മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാര്‍ ഒപ്പിട്ടതാണ് സുപ്രീംകോടതിയില്‍ തിരിച്ചടി നേരിടാന്‍ ഇടയാക്കിയതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. അലോട്ട്‌മെന്റ് വൈകിപ്പിച്ച് മാനേജ്‌മെന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ അവസരം നല്‍കി. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിട്ടും സുപ്രീംകോടതിയില്‍ പോകാന്‍ മന:പൂര്‍വ്വം മാനേജ്‌മെന്റുകള്‍ക്ക് അവസരം നല്‍കി. അഡ്മിഷന്‍ ആരംഭിച്ചിരുന്നെങ്കില്‍ മാനേജ്‌മെന്റുകളുടെ ഹര്‍ജികളില്‍ ഇടപെടാന്‍ കോടതി തയാറാകുമായിരുന്നില്ല. പാവപ്പെട്ട കുട്ടികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ അവസരം നല്‍കുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയില്ലെന്നും സതീശന്‍ പറഞ്ഞു. നിലവിലുള്ള സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.