കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഇന്ദിരാഭവനില്‍ നടത്തിയ 24മണിക്കൂര്‍ ഉപവാസ സമരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യ സമരകാലത്തെപോലുള്ള പോരാട്ടങ്ങള്‍ ഉയര്‍ന്നുവരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി ചെറുക്കണം.
എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ അഭിമാനത്തോടൊപ്പം മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയും ഭയപ്പാടും ഉയരുന്നുണ്ട്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് ആശങ്കുയുണ്ടാക്കുന്നത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും വിശ്വാസങ്ങളും നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ പരസ്പരധാരണയോടെ പ്രവര്‍ത്തിക്കുന്നത് ലോകത്തിന് തന്നെ അത്ഭുതമായിരുന്നു. ബി.ജെ.പി അടക്കം പല രാഷ്ട്രീയ പാര്‍ട്ടികളും മാറിമാറി ഭരിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാത്ത ആശങ്കയാണ് ഇന്നുള്ളത്. ആര്‍.എസ്.എസ്, ബി.ജെ.പി വിഭാഗീയത നേരിടാന്‍ ഗാന്ധിമാര്‍ഗത്തിലൂടെ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനാധിപത്യ, മതേതര ശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഉപവാസം അവസാനിപ്പിച്ചുകൊണ്ട് എം.എം ഹസന്‍ പറഞ്ഞു. ജാതിമതവികാരം ആളിക്കത്തിക്കാന്‍ പശുവിനെപ്പോലും ഉപാധിയാക്കുന്നു. ഇത്തരം പ്രവണതകളെ ചെറുത്തു തോല്‍പിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നും ഹസന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇന്ദിരാഭവനിലെത്തി ഹസന് അഭിവാദ്യമര്‍പിച്ചു.
ചൊവ്വാഴ്ച രാവിലെ 9.30ന് ഇന്ദിരാഭവനില്‍ കെ.പി.സി.സി പ്രസിഡന്റ് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് 11 മണിക്കാണ് ഉപവാസം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷ സമ്മേളനവും പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. ദളിതര്‍ക്കും പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സി.പി.എം ഭരിക്കുന്ന കേരളത്തിലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന ഭാരതത്തിലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ബി.ജെ.പി നേതാക്കള്‍ വര്‍ഗീയ പ്രസംഗം നടത്തിയാല്‍ പോലും കേസെടുക്കില്ല. എന്നാല്‍ മുസ്‌ലിം മതപണ്ഡിതന്മാര്‍ സംഘപരിവാര്‍ ശക്തികളുടെ ദുഷ്പ്രവര്‍ത്തികളെ വിമര്‍ശിച്ചാല്‍ കേസെടുക്കുകയും ചെയ്യുന്നു. ദളിത് പീഢനങ്ങളുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണ്. ഇന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദളിത് ന്യൂനപക്ഷ പീഡനങ്ങള്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കെ.പി.സി.സി മുന്‍പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജന്‍, വി.എം സുധീരന്‍, കെ.മുരളീധരന്‍, മുന്‍ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതിപുരം ശശി, തമ്പാനൂര്‍ രവി, ശരത് ചന്ദ്രപ്രസാദ്, കെ.പി കുഞ്ഞിക്കണ്ണന്‍, മണ്‍വിള രാധാകൃഷ്ണന്‍, എം.പിമാരായ ശശിതരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍എ മാരായ വി.എസ് ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍, കെ.പി.സി.സി ട്രഷറര്‍ ജോണ്‍ എബ്രഹാം, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവരും പങ്കെടുത്തു.