X

ഞങ്ങള്‍ മടങ്ങുകയാണ്, ഇനിയും ആ പതിനൊന്ന് പേരുകള്‍ തീരാത്ത വേദനയായി മനസ്സിലുണ്ടാവും ‘; കവളപ്പാറയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്‌സ്

നിലമ്പൂര്‍: പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്‌സ് സംഘം കവളപ്പാറയില്‍ നിന്ന് മടങ്ങി. 59 പേരില്‍ 48 പേരെ കണ്ടെത്താനായതിന്റെ ചാരിതാര്‍ത്ഥ്യവും പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനാകാത്തതിലുള്ള ദുഃഖവും അവര്‍ പങ്കുവച്ചു.

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് രക്ഷാപ്രവര്‍ത്തകരുടെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങള്‍മടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സില്‍ നിങ്ങളുണ്ടാവും കണ്ണീര്‍പ്രണാമം……

മനുഷ്യപ്രയത്‌നങ്ങള്‍ക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സഹായര്‍!
അന്‍പത്തൊമ്പത് പേരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുകയാണ്…..
ഹതഭാഗ്യരായ അന്‍പത്തിഒന്‍പത് പേരില്‍ നാല്‍പ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്ക് തന്നെ തിരികെ നല്‍കാനായി
എന്ന ചാരിതാര്‍ത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകള്‍ മനസ്സില്‍ തുടികൊട്ടുന്നു.
ഇമ്പിപ്പാലന്‍, സുബ്രമഹ്ണ്യന്‍, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാര്‍ത്തിക് ,കമല്‍, സുജിത്, ശാന്തകുമാരി, പെരകന്‍

മുത്തപ്പന്‍ കുന്നിടിഞ്ഞ് വീണ നാല്‍പ്പതടിയോളമുള്ള മണ്ണിന്റെ ആഴങ്ങളിലല്ല, ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ മനസ്സിന്റെ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങള്‍ തിളങ്ങി നില്‍ക്കും !
ഞങ്ങളുടെ പാഠ പുസ്തകങ്ങളില്‍ നിന്നും പ്രകൃതി കീറിയെടുത്ത പാഠങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയില്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകരുടെ
കണ്ണീര്‍ പ്രണാമം…..

web desk 3: