മെക്‌സിക്കോ സിറ്റി: യുകാറ്റന്‍ ഉപദ്വീപിന് സമീപത്തായി സമുദ്രോപരിതലത്തില്‍ വന്‍ തീപിടിത്തം. സമുദ്രത്തിനടിയിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് മെക്‌സിക്കോ ഇന്ധന കമ്പനി പെമെക്‌സ് അറിയിച്ചു. തീനാളങ്ങള്‍ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവരുന്നതായാണ് വിഡിയോ ദൃശ്യങ്ങളില്‍നിന്നും വ്യക്തമാകുന്നത്.

പ്രാദേശിക സമയം പുലര്‍ച്ചെ 5.15നാണ് തീ പിടിത്തമുണ്ടായത്. 10.30 ആയപ്പോഴേക്കും അണയ്ക്കാനായെന്ന് പെമെക്‌സ് അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരുക്കില്ലെന്നും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.

അതേ സമയം ചോര്‍ച്ച ഉണ്ടായില്ലെന്ന് മെക്‌സിക്കോ ഓയില്‍ സേഫ്റ്റി റെഗുലേറ്റര്‍ മേധാവി ഏയ്ഞ്ചല്‍ കരിസേല്‍സ് അറിയിച്ചു. എന്നാല്‍ വെള്ളത്തിന് മുകളില്‍ കത്തിയത് എന്താണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.