ന്യൂഡല്‍ഹി: ഡല്‍ഹി റായ്‌സിനാ ഹില്‍സിലെ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തില്‍ തീപിടുത്തം. സെക്രട്ടേറിയറ്റ് ബില്‍ഡിങ്ങിന്റെ സൗത്ത് ബ്ലോക്കില്‍ 242-ാം മുറിയിലാണ് ഇന്നു രാവിലെ അഗ്നിബാധയുണ്ടായത്. അഗ്നിശമന വിഭാഗം തക്കസമയത്ത് രംഗത്തെത്തിയതിനാല്‍ 20 മിനുട്ടിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. ആളപായമില്ല.

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിച്ച മുറി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമന്ന് കരുതുന്നു. പത്ത് യൂണിറ്റ് അഗ്നിശമന സേനയാണ് തീയണക്കാന്‍ രംഗത്തെത്തിയത്.

പ്രധാനമന്ത്രിയുടെ ഓഫീസിനു പുറമെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസും കാബിനറ്റ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരുടെ ഓഫീസുകളും സൗത്ത് ബ്ലോക്കിലാണ്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ താഴത്തെ നിലയിലെ കോണ്‍ഫറന്‍സ് റൂമില്‍ ഇന്നത്തേതിനു സമാനമായ അഗ്നിബാധയുണ്ടായിരുന്നു.