അബുദാബി: ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണഗതിയില്‍ ആയതിനു പിന്നാലെ, ഇസ്രയേലില്‍ നിന്നുള്ള ആദ്യവാണിജ്യ വിമാനം യുഎഇയിലെത്തി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും സീനിയര്‍ ഉപദേഷ്ടാവുമായ ജെറാദ് കുഷ്‌നറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് വൈകിട്ട് അബുദാബി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്.

ഇസ്രയേല്‍ വിമാനക്കമ്പനിയായ എല്‍ അല്‍ എയര്‍ലൈന്‍സിന്റെ 737–900 നമ്പര്‍ വിമാനമാണ് അബുദാബി വിമാനത്താവളത്തില്‍ തിങ്കളാഴ്ച വൈകിട്ട് ലാന്‍ഡ് ചെയ്തത്. വിമാനത്തിന് പുറത്ത് അറബിയിലും ഇംഗ്ലീഷിലും ഹീബ്രുവിലും പീസ് (സമാധാനം) എന്ന് എഴുതിയിരുന്നു.

യുഎഇയും ഇസ്രയേലും യുഎസും തമ്മിലുള്ള ത്രികക്ഷി നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് ഇനി യുഎഇ വേദിയാകുക. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് അല്‍ നഹ്‌യാന്റേത് മഹത്തായ നേതൃത്വമാണെന്ന് കുഷ്‌നര്‍ പറഞ്ഞു. മേഖലയിലെ സമാധാനത്തിലേക്കുള്ള മറ്റൊരു കാല്‍വയ്പ്പാണ് ഇതെന്ന് വിമാനം പറത്തിയ പൈലറ്റ് താല്‍ ബെക്കര്‍ വ്യക്തമാക്കി.

ഇസ്രയേല്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഡി ഒബ്രിയന്‍, മിഡില്‍ ഈസ്റ്റ് ചുമതലയുള്ള ഉദ്യോഗസ്ഥരായ അവി ബെര്‍കോവിസ്റ്റ് ഇറാന്‍ ബ്രിയന്‍ ഹൂക് എന്നിവരും വിമാനത്തിലുണ്ട്. ഇസ്രയേല്‍ സംഘത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയര്‍ ബെന്‍ ഷബ്ബാത് ആണ് നയിക്കുന്നത്. വിവിധ ഇസ്രയേല്‍ മന്ത്രാലയങ്ങള്‍ അവരുടെ പ്രതിനിധികളെ അയക്കുന്നുണ്ട്. വിദേശ, പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍മാരും സംഘത്തിലുണ്ട്.