ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിമേഥം……ലീഗ് കിരീടം ആറാം തവണയും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ ചില്ലരമാലയിലേക്ക്. വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ആന്റോണിയോ കോണ്ടെയുടെ കുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടത്. കളിയവസാനിക്കാന്‍ ഒമ്പതു മിനിറ്റു മാത്രം ബാക്കി നില്‍ക്കെ, പകരക്കാരനായി ഇറങ്ങിയ മിച്ചി ബാറ്റ്ഷുവിന്റേതായിരുന്നു വിജയ ഗോള്‍. വിജയത്തോടെ, ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ഹോട്‌സ്പറുമായി 10 പോയിന്റ് വ്യത്യാസമാണ് ചെല്‍സിക്കുള്ളത്. അഥവാ, ടോട്ടന്‍ഹാമിന് ബാക്കിയുുള്ള രണ്ടു കളികള്‍ ജയിച്ചാലും ചെല്‍സിയെ മറികടക്കാനാകില്ല. പതിവു നീലയ്ക്കു പകരം കറുത്ത കുപ്പായത്തില്‍ കളിക്കളത്തിലിറങ്ങിയ ചെല്‍സിയെ ഞെട്ടിച്ചു കൊണ്ടായിരുന്നു വെസ്റ്റ്‌ബ്രോംവിച്ചിന്റെ തുടക്കം. 30-ാം സെക്കന്‍ഡില്‍ ഡാരന്‍ ഫഌച്ചറിന്റെ ലോഫ്റ്റ്് പാസില്‍ നിന്ന് സലോമന്‍ റാന്‍ഡം പോസ്റ്റിലേക്ക് തല കൊണ്ട് ചെത്തിയിട്ട പന്ത് ചെല്‍സി ഗോളി തിബൗട്ട് കോര്‍ടിയോസ് കോര്‍ണറിനു വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. ആദ്യത്തിലെ പരിഭ്രമത്തിന് ശേഷം ചെല്‍സി പതിയെ കളിപിടിച്ചെടുത്തു.

എട്ടാം മിനിറ്റിലായിരുന്നു ചെല്‍സിയുടെ അവസരം. പെനാല്‍റ്റി ബോക്‌സിന് ആറു വാര അകലെ നിന്ന് ഗാരി കാഹില്‍ തൊടുത്ത വലങ്കാലനടി പക്ഷേ, പോസ്റ്റിനെ ഉരുമ്മി കടന്നു പോയി. അതിനു മുമ്പ് വലതുവിങില്‍ നിന്ന് ഹസാര്‍ഡ് എടുത്ത ഫ്രീകിക്കും ലക്ഷ്യം കണ്ടില്ല. ഹസാര്‍ഡ്, പെട്രോ, ഡീഗോ കോസ്റ്റ, സെസാര്‍, വിക്ടര്‍ മോസസ് എന്നിവര്‍ താളം കണ്ടെത്തിയതോടെ ബ്രോംവിച്ച് പ്രതിരോധമതില്‍ വിയര്‍ത്തു. 20-ാം മിനിറ്റില്‍ ബ്രോംവിച്ചിന്റെ ജെയിംസ് മക്്‌ലീനും 36-ാം മിനിറ്റില്‍ ഫീല്‍ഡും മഞ്ഞക്കാര്‍ഡ് കണ്ടു.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം വിക്ടര്‍ മോസസിന്റെ ഗോള്‍ ശ്രമത്തിലൂടെയാണ് ചെല്‍സി കളത്തില്‍ വരവറിയിച്ചത്. സെസ്‌ക് ഫാബ്രിഗസ് നല്‍കിയ പാസ് പിടിച്ചെടുത്ത് ബോക്‌സിന്റെ വലതുമൂലയില്‍ നിന്ന് തൊടുത്ത ഷോട്ട് പക്ഷേ, ബ്രോംവിച്ച് ഗോളി ബെന്‍ഫോസ്റ്റര്‍ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 51-ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച സാം ഫീല്‍ഡിന് പകരം ക്ലോഡിയോ യാകോബിനെ ബ്രോംവിച്ച് കളത്തിലിറക്കി. കളിയുടെ ഈ ഘട്ടത്തില്‍ തുടര്‍ച്ചയായ കോര്‍ണറുകള്‍ ലഭിച്ചിട്ടും കോണ്ടെയുടെ കുട്ടികള്‍ക്ക് ഗോളിലേക്ക് വഴി കണ്ടെത്താനായില്ല. ചെല്‍സി ആക്രമണത്തെ തടുത്തു നിര്‍ത്താന്‍ പലപ്പോഴും പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത ബ്രോംവിച്ച് 71-ാം മിനിറ്റില്‍ കളിയിലെ മൂന്നാം മഞ്ഞക്കാര്‍ഡ് കണ്ടു. ഇത്തവണ മാര്‍ക് വില്‍സണിന്റേതായിരുന്നു ഊഴം.
75-ാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡിന് പകരം, വില്ലനും 76-ാം മിനിറ്റില്‍ പെട്രോയ്ക്ക് പകരം ബാറ്റ്ഷുവും കളിക്കളത്തിലെത്തി. പത്താം നമ്പറുകാരനായ പെട്രോയ്ക്ക് പകരമാണ് 24 കളികള്‍ മാത്രം കുപ്പായമണിഞ്ഞിട്ടുള്ള ബാറ്റ്ഷു മൈതാനത്തെത്തിയത്. 82-ാം മിനിറ്റിലായിരുന്നു ചെല്‍സി കാത്തിരുന്ന ഗോള്‍. പന്തുമായി പോസ്റ്റിന്റെ വലതു മൂലയിലെത്തിയ സെസാര്‍ ബോക്‌സില്‍ നിന്ന് എതിര്‍ഡിഫന്‍ഡറെ വെട്ടിച്ച് കൈമാറിയ പന്ത്് ഇടതുകാല്‍ കൊണ്ട് വലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു. ചെല്‍സിയുടെ ആക്രമണത്തിനിടെ, പ്രത്യാക്രമണത്തില്‍ ഗോള്‍ ലക്ഷ്യം വെക്കുക എന്നതായിരുന്നു വെസ്റ്റ്‌ബ്രോംവിച്ചിന്റെ തന്ത്രം. പലപ്പോഴും നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ടോണി പുലിസിന്റെ കുട്ടികള്‍ക്ക് ഗോള്‍ കണ്ടെത്താനാകാതെ പോയത്. 32 ശതമാനം മാത്രമായിരുന്നു വെസ്റ്റ്‌ബ്രോമിച്ച് കളിയില്‍ പന്ത് കൈവശം വെക്കാനായത് എങ്കിലും അവര്‍ അഞ്ച് കോര്‍ണര്‍ കിക്കുകള്‍ നേടി. 68 ശതമാനം പന്ത് കൈവശം വെച്ച ചെല്‍സിക്ക് എട്ടു കോര്‍ണറുകള്‍ മാത്രമാണ് നേടാനായത്. പെപ് ഗ്വാര്‍ഡിയോള, ജോസ് മൊറീഞ്ഞോ എന്നീ സൂപ്പര്‍ കോച്ചുമാരുടെ യുഗത്തിന് ശേഷം ആന്റോണിയോ കോന്റെ എന്ന പുതിയ തന്ത്രജ്ഞന്റെ ഉദയത്തിന്റെ സാക്ഷ്യമാണ് ചെല്‍സിയുടെ കിരീടനേട്ടം. യുവന്റസിനായി മൂന്ന് സീരി എ കിരീടങ്ങള്‍ നേടിക്കൊടുത്ത ശേഷമാണ് കോന്റെ ചെല്‍സിയിലെത്തിയത്.
കിരീട നേട്ടത്തില്‍ ഇനി ചെല്‍സിക്കു മുമ്പിലുള്ളത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാത്രമാണ്. 13 തവണയാണ് യുണൈറ്റഡ് കിരീടം നേടിയിട്ടുള്ളത്.