ശുചീകരണ യജ്ഞവുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ രംഗത്തിറങ്ങിയെങ്കിലും പനിക്ക് ശമനമില്ല. പനി ബാധയെ തുടര്‍ന്ന് ഇന്നും പിഞ്ചു കുഞ്ഞുങ്ങളടക്കം ഒന്‍പതുപേരാണ് മരിച്ചത്. പനി നിയന്ത്രണ വിധേയമായെന്ന് മന്ത്രി കെ.കെ ശൈലജ ആവര്‍ത്തിക്കുമ്പോഴും ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് മാത്രം ഇന്നലെ 23,633 പേര്‍ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സതേടി. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും ഇരട്ടിയാണ്.

പകര്‍ച്ചപ്പനി മൂലം കൊല്ലം പഴയ കോട്ടംകര അഫ്‌സല്‍ (13), സുധാദേവി (40) ഡെങ്കി മൂലം കൊല്ലം തെക്കുംഭാഗം അജിത്കുമാര്‍ (36) എന്നിവര്‍ മരിച്ചു. തൃശൂര്‍ പുതുര്‍ വത്സല (60), കൊണ്ടാഴി അമ്പിളി (38) മലപ്പുറം വാഴക്കാട് അപൂര്‍വ (രണ്ട്), പാലക്കാട് കുന്നത്തൂര്‍ കുഞ്ഞു ലക്ഷ്മിയമ്മ (74) എന്നിവരുടെ മരണം ഡെങ്കി മൂലമാണെന്ന് സംശയിക്കുന്നു. മലപ്പുറം മൊറയൂര്‍ ഷഹാബുദ്ദീന്‍ (ഒന്നര) എച്ച്1 എന്‍1 മൂലമാണ് മരിച്ചത്.

അതേസമയം ഡെങ്കിപ്പനി വ്യാപിക്കുന്നത് കടുത്ത ആശങ്ക ഉയര്‍ത്തുകയാണ്. ഇന്നലെ 940 പേര്‍ ചികിത്സ തേടിയതില്‍ 209 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. സമീപകാലത്ത് ഇത്രയധികംപേര്‍ക്ക് ഡെങ്കി സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. തിരുവനന്തപുരം ഡെങ്കിബാധിതരുടെയും തലസ്ഥാനമായി തുടരുകയാണ്. 209 പേരില്‍ 49 ഉം ജില്ലയിലാണ്. കൊല്ലത്ത് 38 പേര്‍ക്കും പത്തനംതിട്ടയില്‍ 32 പേര്‍ക്കും ഡെങ്കി സ്ഥിരീകരിച്ചു. ഇന്നലെ ആറുപേര്‍ക്ക് എലിപ്പനിയും ഒരാള്‍ക്ക് മലേറിയയും ഏഴു പേര്‍ക്ക് എച്ച്1 എന്‍1 ഉം ഒരാള്‍ക്ക് ടൈഫോയിഡും ഓരോത്തര്‍ക്കുവീതം ഹെപ്പറ്റൈറ്റിസ് എയും ബിയും സ്ഥിരീകരിച്ചു.

പനി ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്, ബ്രാക്കറ്റില്‍ ഡെങ്കിബാധിതരുടെ എണ്ണം: തിരുവനന്തപുരം 3119 (49), കൊല്ലം 1393 (38), പത്തനംതിട്ട 590 (32), ഇടുക്കി 250 (6), കോട്ടയം 1035 (8), ആലപ്പുഴ 1124 (9), എറണാകുളം 1599 (3), തൃശൂര്‍ 2298 (14), പാലക്കാട് 2272 (0), മലപ്പുറം 3466(10), കോഴിക്കോട് 2608 (21), വയനാട് 1102(10), കണ്ണൂര്‍ 2024(7), കാസര്‍കോട് 753(2). ഇതോടെ ഈ വര്‍ഷം ഇതുവരെ പനിബാധിച്ചവരുടെ എണ്ണം 13,74,137 ആയി. ജൂണില്‍ മാത്രം 4,22,823 പേര്‍ക്കാണ് പനി പിടിപ്പെട്ടത്. ഈ വര്‍ഷം 8380 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.