ദില്ലി: രാജ്യത്ത് മുസ്ലിംകള്‍ക്ക് നേരെ നിരന്തരം അക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി ശബനം ഹാശ്മി രംഗത്ത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നല്‍കിയ അവാര്‍ഡ് സാമൂഹ്യപ്രവര്‍ത്തക ശബ്‌നം ഹാശ്മി തിരികെ നല്‍കി. രാജ്യത്തെ മുസ്ലിംകള്‍ക്കെതിരായ സംഘടിത ആക്രമങ്ങളും ഇസ്ലാം പേടി വളര്‍ത്താനുള്ള ശ്രമങ്ങളും തടയുന്നതില്‍ ന്യൂനപക്ഷ കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് ശബ്‌നം ഹാശ്മി പറഞ്ഞു.

2008ല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ സേവനങ്ങളെ മുന്‍നിര്‍ത്തി നല്‍കിയ അവാര്‍ഡാണ് ശബ്‌നം ഹാശ്മി തിരികെ നല്‍കിയത്. ഹിറ്റ്ലര്‍ ജര്‍മനിയില്‍ നടപ്പിലാക്കിയതിന് സമാനമായി മുസ്ലിംകളെ വംശീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പൊതുസ്ഥലങ്ങളില്‍ പോലും മുസ്ലിംകള്‍ സുരക്ഷിതരല്ലാതായി എന്നും 2021 ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും ശബ്‌നം ഹാശ്മി പറഞ്ഞു.

ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഹരിയാനയില്‍ ട്രെയിനില്‍ വെച്ച് 16 വയസ്സുള്ള മുസ്ലിം വിദ്യാര്‍ഥിയെ മര്‍ദിച്ചുകൊന്നതിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. നാളെ ഡല്‍ഹിയില്‍ നോട്ട് ഇന്‍ മൈ നെയിം എന്ന പേരില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും.