X
    Categories: MoreViews

കാട്ടുതീ: ആശങ്കാജനകമായ അവസ്ഥയില്ലെന്ന് വനംമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുതീ പടരുന്ന സാഹചര്യം ആശങ്കാജനകമല്ലെന്ന് വനംമന്ത്രി കെ. രാജു അറിയിച്ചു. വനമേഖലയില്‍ വ്യാപകമായി തീപടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാങ്കുളം, പറമ്പിക്കുളം, വയനാട് മേഖലകളിലാണ് വലിയതോതില്‍ തീ പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായത്.
കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ കഠിനാധ്വാനം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെയും സഹായിച്ച വായുസേന, അഗ്നിശമന, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. കാട്ടുതീ പടരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. വനമേഖലകളില്‍ അലക്ഷ്യമായി സിഗററ്റ്, ബീഡി തുടങ്ങിയവ വലിച്ചെറിയുക, തീ ഉപയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനം പിന്തിരിയണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. കാട്ടുതീയിലൂടെ നഷ്ടപ്പെടുന്നത് അമൂല്യങ്ങളായ ജൈവ വൈവിധ്യങ്ങളും വനസമ്പത്തുമാണ്. ഇത് സംരക്ഷിക്കാന്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
വേനല്‍ കടുത്തതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാന വനമേഖലയില്‍ പലയിടങ്ങളിലും കാട്ടുതീ പടര്‍ന്നിരുന്നു. തമിഴ്‌നാട്, കര്‍ണാടക, അതിര്‍ത്തികളില്‍ നിന്ന് കേരള വനമേഖലയിലേക്കാണ് തീ പടര്‍ന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ദ്രുതകര്‍മ സേനാംഗങ്ങള്‍, അഗ്നിശമനസേന തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. കാട്ടുതീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നുവെന്നും സാധ്യതാ പ്രദേശങ്ങളില്‍ ഫയര്‍ലൈന്‍ തെളിയിക്കുകയും അവ തുടര്‍ച്ചയായി വൃത്തിയാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
പറമ്പിക്കുളത്ത് 12 കിലോമീറ്റര്‍ വീതിയില്‍ തമിഴ്‌നാട്ടില്‍ നിന്നും തീ പടര്‍ന്ന് കേരള വനമേഖലയിലേക്കെത്തിയത് ആശങ്കയുളവാക്കിയിരുന്നു. എന്നാല്‍ അടിയന്തരമായി ഇടപെട്ടതിനെ തുടര്‍ന്ന് വായുസേനയുടെ ഹെലികോപ്റ്ററിന്റെ സേവനം ലഭ്യമാക്കുകയും മണിക്കൂറുകള്‍ക്കകം തീ നിയന്ത്രിക്കാനും കഴിഞ്ഞു. കാട്ടുതീ നിയന്ത്രണം സംബന്ധിച്ച് വിലയിരുത്തുന്നതിനായി ഈ മാസം ഒന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

chandrika: