ലണ്ടന്‍: രണ്ടാം ടെസ്റ്റില്‍ അമ്പയര്‍ നിതിന്‍ മേനോനോട് കയര്‍ത്ത് സംസാരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരു കാരണവശാലും അടുത്ത ടെസ്റ്റ് കളിക്കരുതെന്ന് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് ലോയിഡ്. റൂട്ടിനെതിരായ എല്‍ബിഡബ്ല്യു അപ്പീലില്‍ ഡിആര്‍എസിലൂടെ നോട്ടൗട്ട് ഫലം വന്നതിന് പിന്നാലെ അമ്പയറോട് ക്ഷുഭിതനായി കോഹ്‌ലി സംസാരിച്ചിരുന്നു.

ഇതുവരെ എന്തെങ്കിലും അച്ചടക്ക നടപടി കോഹ്‌ലിക്കെതിരെ സ്വീകരിച്ചോ? ഞാന്‍ നിരാശനാണ്. ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന് ഒഫീഷ്യലിനെ വിമര്‍ശിക്കാനും, ദേഷ്യത്തോടെ സംസാരിക്കാനും, ഭയപ്പെടുത്താനും, പരിഹസിക്കാനും സാധിക്കുന്ന സ്ഥിതിയാണ്. അതു കഴിഞ്ഞ് രണ്ടാം ടെസ്റ്റ് തുടര്‍ന്ന് കളിക്കാനും കഴിയുന്നു.

മറ്റ് ഏതൊരു കളിയായിരുന്നു എങ്കിലും അപ്പോള്‍ തന്നെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയാനെ. അടുത്ത ആഴ്ച അഹമ്മദാബാദില്‍ കോഹ്‌ലി ഒരു കാരണവശാലും കളിക്കാന്‍ പാടില്ല, ഡെയ്‌ലി മെയിലിലെ തന്റെ കോളത്തില്‍ ലോയിഡ് എഴുതുന്നു.

ഫുട്‌ബോളിലായിരുന്നു എങ്കില്‍ നേരെ റെഡ് കാര്‍ഡ് കിട്ടും. അതിനര്‍ഥം പിന്നാലെ വരുന്ന ടെസ്റ്റ് നഷ്ടമാവും എന്നാണ്. നല്ല എസി മുറിയിലിരുന്ന മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് എന്തെങ്കിലും നടപടി എടുക്കുമെന്ന് തോന്നുന്നില്ല. മൂന്നര ദിവസം കഴിഞ്ഞു, അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും ലോയിഡ് ആരോപിച്ചു.