കുമളി: രണ്ട് പെണ്‍കുഞ്ഞുങ്ങളും മാതാപിതാക്കളും വര്‍ഷങ്ങളായി താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഇറക്കിവിട്ട് വീട് പാര്‍ട്ടി ഓഫീസാക്കിയ സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുരുക്കടി ലക്ഷ്മിവിലാസം മാരിയപ്പന്‍ ശശികല ദമ്പതികളേയും ഇവരുടെ രണ്ടും മൂന്നരയും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളേയുമാണ് സിപിഎം പ്രവര്‍ത്തകര്‍ ഇറക്കിവിട്ടത്.ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണം.

മാരിയപ്പനും അധ്യാപകനായ മുത്തു എന്ന മുഹമ്മദ് സല്‍മാനും ബന്ധുക്കളാണ്. സിപിഎം പ്രവര്‍ത്തകര്‍ ഇറക്കിവിട്ട വീട്ടില്‍ മുത്തച്ഛനൊപ്പമായിരുന്നു മാരിയപ്പന്റെ താമസം. ഈ വീട് മാരിയപ്പന് നല്‍കാമെന്ന് മുത്തച്ഛന്‍ വാക്കു നല്‍കിയിരുന്നു. മാരിയപ്പന്റെ വിവാഹം കഴിഞ്ഞതോടെ സല്‍മാനും മാരിയപ്പനും തമ്മില്‍ വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കമായി. ഇതിനിടെ സല്‍മാന്‍ ഭൂമി സംബന്ധമായ രേഖകള്‍ തന്റെ പേരിലാക്കിയതായും പറയുന്നു.

 

തര്‍ക്കം മൂത്തതോടെ സല്‍മാന്‍ സി.പി.എമ്മുകാരെ സമീപിച്ചു. വീടൊഴിഞ്ഞു നല്‍കണമെന്ന് പാര്‍ട്ടിക്കാര്‍ പലതവണ ആവശ്യപ്പെട്ടതോടെ സഹായത്തിനായി മാരിയപ്പന്‍ സി.പി.ഐക്കാരെയും സമീപിച്ചു. വീട്ടില്‍ നിന്ന് ഒഴിപ്പിക്കാതിരിക്കാന്‍ മാരിയപ്പന്‍ പീരുമേട് കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചു എത്തിയപ്പോള്‍ വീട് പാര്‍ട്ടി ഓഫിസായെന്നും ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തങ്ങളെ ഭീഷണിപ്പെടുത്തി മര്‍ദിച്ചു പുറത്തക്കിയതായും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ പറയുന്നു.

 

വീട്ടിനുള്ളിലുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ബലമായി പിടിച്ച് വീടിനു പുറത്താക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തതായും ശശികല പറഞ്ഞു. അതേസമയം രേഖകള്‍ സല്‍മാന്റെ പേരിലായതിനാല്‍ വീട് ഒഴിയണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. സല്‍മാന്‍ ഈ വീട് പാര്‍ട്ടി ഓഫിസിനായി വാടകയ്ക്കു നല്‍കിയതാണെന്നും നേതാക്കള്‍ പറയുന്നു.