പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ സൗജന്യകോവിഡ് വാക്‌സിന്‍ ഉള്‍പ്പെടുത്തിയ ബിജെപി തീരുമാനത്തിനെതിരെ വന്‍ രോഷം. ബിഹാറില്‍ മാത്രമാണോ കോവിഡിനെതിരെയുള്ള സൗജന്യ വാക്‌സിന്‍ വിതരണം ചെയ്യുക എന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളും തീരുമാനത്തിനെതിരെ രംഗത്തു വന്നു. സര്‍ക്കാര്‍ ഇത്രയും പൊള്ളയായ വാഗ്ദാനങ്ങള്‍ നടത്തരുത് എന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്.

‘ കോവിഡ് 19 വാക്‌സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വേളയില്‍ ബിഹാറിലെ എല്ലാ വ്യക്തികള്‍ക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണിത്’ – എന്നാണ് പട്‌നയില്‍ പ്രകടന പത്രിക പുറത്തിറക്കവെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ആഗോള തലത്തില്‍ തന്നെ ആദ്യമായാണ് കോവിഡ് വാക്‌സിന്‍ പ്രകടന പത്രികയില്‍ ഇടംപിടിക്കുന്നത്.

‘എനിക്ക് വോട്ടു തരൂ. ഞാന്‍ നിങ്ങള്‍ക്ക് വാക്‌സിന്‍ തരാം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവരെ ശകാരിക്കുമോ’- എന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു. ബിജെപിക്കെതിരെ വോട്ടു ചെയ്തവര്‍ക്ക് കോവിഡ് വാക്‌സിന്‍ കിട്ടില്ലേ എന്നാണ് ആം ആദ്മി പാര്‍ട്ടി ചോദിച്ചത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ച ശേഷം, കോടിക്കണക്കിന് ബിഹാറികളുടെ ജോലി ഇല്ലാതാക്കിയ ശേഷം നിര്‍മല സൗജന്യ കോവിഡ് വാക്‌സിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു എന്നാണ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.

സംസ്ഥാനത്തെ ആത്മനിര്‍ഭര്‍ ബിഹാറാക്കി മാറ്റുമെന്നാണ് പഞ്ച് സൂത്ര, എക് ലക്ഷ്യ, 11 സങ്കല്‍പ് എന്ന തലക്കെട്ടുള്ള പ്രകട പത്രികയിലെ പ്രധാന വാഗ്ദാനം. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗ്രാമ, നഗര വികസനം തുടങ്ങി ബിഹാറിന്റെ സമഗ്രവികസനമാണ് പാഞ്ച് സൂത്രയില്‍ ഉള്‍പ്പെടുന്നത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ബിഹാറിനെ ഐടി ഹബ്ബാക്കി മാറ്റുമെന്നും പ്രകടന പത്രിക വാഗ്ദാനം നല്‍കുന്നു.