പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് എം.എല്‍.എമാര്‍ സൈക്കിള്‍ ചവിട്ടി നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തി. ഇന്ധന വില കുറയ്ക്കുന്നതിന് ഇടപെടാത്ത കേന്ദ്ര സര്‍ക്കാരിനെതിരെയും ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും വേറിട്ട പ്രതിഷേധവുമായാണ് പ്രതിപക്ഷം രംഗത്തുവന്നത്. പാളയത്തെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും തുടങ്ങിയ പ്രതിഷേധ സൈക്കിള്‍ യാത്ര നിയമസഭ വരെ നീണ്ടു. കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

സംസ്ഥാനം നികുതി കുറക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. നികുതി കുറക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ, മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നികുതി കുറക്കുന്നില്ലെന്ന് വാദം മുന്‍നിര്‍ത്തിയാണ് സിപിഎമ്മും ധനമന്ത്രിയും നേരത്തെ പ്രതിരോധിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും ഇതിനോടകം നികുതി കുറച്ചു. എന്നിട്ടും നികുതി കുറയ്ക്കില്ലെന്ന പിടിവാശിയിലാണ് കേരളം.