പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ദീര്‍ഘ നാളത്തെ ഇടവേളക്കു ശേഷം വെറ്ററന്‍ താരങ്ങളായ ക്രിസ് ഗെയിലും മര്‍ലോണ്‍ സാമുവല്‍സും വെസ്റ്റ് ഇന്‍ഡീസിന്റെ ഏകദിന ടീമില്‍ മടങ്ങിയെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് ഇരുവരും കളിക്കുക. വിന്‍ഡീസ് ടീമില്‍ കളിക്കുന്നതിന് ബോര്‍ഡ് ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ ഇളവ് വരുത്തിയതോടെയാണ് സീനിയര്‍ താരങ്ങളുടെ തിരിച്ചുവരവിന് കളമൊരുങ്ങിയത്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ വിന്‍ഡീസിനെ പ്രതിനിധീകരിക്കണമെങ്കില്‍ ഓരോ ഫോര്‍മാറ്റിലെയും ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചിരിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ നിബന്ധന. ആഭ്യന്തര ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ സീനിയര്‍ താരങ്ങള്‍ താല്‍പര്യം കാണിക്കാതിരുന്നതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ യുവതാരങ്ങളെ കളിപ്പിക്കേണ്ടി വന്നു. ഇത് ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു. ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത ഡാരന്‍ ബ്രാവോയെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഗെയിലിനെയും സാമുവല്‍സിനെയും ടീമിലേക്ക് സ്വാഗതം ചെയ്യുന്നതായും ഏകദിനം കളിക്കാനുള്ള സന്നദ്ധത സുനില്‍ നരെയ്ന്‍ അറിയിച്ചതായും സെലക്ഷന്‍ കമ്മിറ്റി ചെയര്‍ാന്‍ കോര്‍ട്‌നി ബ്രൗണ്‍ പറഞ്ഞു. ഡ്വെയ്ന്‍ ബ്രാവോ പൂര്‍ണ ആരോഗ്യവാനല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡാരന്‍ ബ്രാവോ, ഇപ്പോള്‍ തന്നെ ഏകദിനത്തിന് പരിഗണിക്കേണ്ടെന്ന് അഭ്യര്‍ത്ഥിച്ചതായും ബ്രൗണ്‍ വ്യക്തമാക്കി. ഗെയില്‍ 2015 മാര്‍ച്ചിലും സാമുവല്‍സ് 2016 ഒക്ടോബറിലുമാണ് അവസാനമായി വിന്‍ഡീസ് ഏകദിന കുപ്പായമണിഞ്ഞത്. 2016 ജൂണിനു ശേഷം ഏകദിനം കളിച്ചിട്ടില്ലാത്ത പേസര്‍ ജെറോം ടെയ്‌ലറും ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട റോസ്റ്റന്‍ ചേസും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അതേസമയം, റോസ്റ്റന്‍ ചേസിന് ടീമിലെ സ്ഥാനം നഷ്ടമായി.
സെപ്തംബര്‍ 19-നും 29-നുമിടയില്‍ അഞ്ച് ഏകദിനങ്ങളാണ് വിന്‍ഡീസ് ഇംഗ്ലണ്ടില്‍ കളക്കുക.
Be the first to write a comment.