Connect with us

Video Stories

തളി ക്ഷേത്രത്തിലെ പ്രസാദവുമായി ചന്ദ്രികയുടെ അകത്തളത്തില്‍

Published

on

പാല്‍ പായസത്തിന്റെ വലിയ കാന്‍ തന്റെ ഇരുചക്ര വാഹനത്തിന്റെ മുമ്പില്‍ വെച്ച് നഗരമധ്യത്തിലൂടെ ഗണേശന്റെ ഒരു വരവുണ്ട്-ഓഫീസിലെത്തി എല്ലാവര്‍ക്കും മധുരം പകര്‍ന്ന് സ്വന്തം ഇരിപ്പിടത്തില്‍ ഉപവിഷ്ടനായതിന് ശേഷം പാന്റിന്റെ പോക്കറ്റില്‍ നിന്നും പിന്നെ നിലക്കടലയുടെ പാക്കറ്റെടുക്കും…. ഉച്ചക്ക് വീട്ടില്‍ ഊണിന് പോയി മടങ്ങുമ്പോള്‍ തളി ക്ഷേത്രത്തിന് തൊട്ടരികിലെ കടലപീടികയില്‍ നിന്നും വാങ്ങുന്ന നിലക്കടല കൂട്ടുകാര്‍ക്കുള്ളതാണ്. എല്ലാവര്‍ക്കുമത് നല്‍കി സ്‌നേഹത്തിന് പുതിയ മധുരസമവാക്യം രചിച്ച ഞങ്ങളുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്‍ കാലത്തിന്റെ വിളി കേട്ട് മടങ്ങിയിരിക്കുന്നു.

തളിയിലെ ബ്രാഹ്മണ സമൂഹത്തില്‍ നിന്നും ചന്ദ്രികയുടെ സ്‌നേഹതീരത്തേക്ക് ഗണേശ് വന്നിട്ട് വര്‍ഷം ഇരുപത്തഞ്ചാവുന്നു. ഊട്ടിയിലെ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി തേടിയുള്ള ഗണേശിന്റെ യാത്രയില്‍ ചന്ദ്രിക തണലായപ്പോള്‍ അത് മതേതരത്വത്തിന്റെ മഹിതമായ അടയാളമായിരുന്നു. തളി ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങളില്‍ സദാ വ്യാപൃതനാവുന്ന ഗണേശ് ആ പ്രസാദവുമായി ചന്ദ്രികയുടെ മുറ്റത്തേക്ക് വരുമ്പോള്‍ അതായിരുന്നു വിശുദ്ധമായ മതേതരമുഖം. ഡസ്‌ക്കില്‍ നിന്നും എത്ര വാര്‍ത്തകള്‍ നല്‍കിയാലും അത് വേഗത്തില്‍ തെറ്റില്ലാതെ പൂര്‍ത്തിയാക്കി ജോലിയില്‍ ജാഗരൂകനാവും. ഒഴിവ് സമയങ്ങളില്‍ കാറ്ററിങ് ജോലിയില്‍ ഭാര്യയെ സഹായിക്കും.
പരാതികളും പരിഭവങ്ങളും ആര്‍ക്ക് മുന്നിലും നിരത്താതെ ചെറിയ ബൈക്കില്‍ നഗരത്തിന്റെ തിരക്കിലൂടെ തന്റെ കട്ടി കണ്ണടയുമായി ഓടിയ സഹപ്രവര്‍ത്തകന്‍-ഗണേശന്റെ പായസം കഴിക്കാത്തവരായി ഞങ്ങളുടെ ഓഫീസില്‍ ആരുമില്ല. പൊരിയും നുറുക്കും മലരും അപ്പവുമെല്ലാമായി ഡി.ടി.പി സെക്ഷന്‍ പലപ്പോഴും പലഹാര പീടികയുടെ രുചി നല്‍കുമ്പോള്‍ ആര്‍ക്കും തല കൊടുക്കാതെ സ്വന്തം കംപ്യൂട്ടറിന് മുന്നില്‍ ഗണേശന്‍ ജോലിയിലായിരിക്കും. ഇടക്ക് ആരോഗ്യം പണിമുടക്കിനൊരുങ്ങിയപ്പോള്‍ അല്‍പ്പദിവസം അവധി ചോദിച്ചു- അത് അനുവദിക്കുകയും ചെയ്തു. പക്ഷേ ഒരാഴ്ചക്കകം ഗണേശ് തിരിച്ചെത്തി. മരുന്നിനും വിശ്രമത്തിനും നില്‍ക്കാനൊന്നും താല്‍പ്പര്യമില്ലാതെ കംപ്യൂട്ടറിന് മുന്നില്‍ വാര്‍ത്തകളുടെ തിരക്കില്‍ എല്ലാം മറന്നു.

ചിലപ്പോള്‍ ഭാര്യ ലക്ഷ്മി വിളിക്കും-ഗണേശിന്റെ ആരോഗ്യ കാര്യങ്ങള്‍ പറയും. ജാഗരൂകരാവാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കും. പോക്കറ്റില്‍ കരുതുന്ന ഇന്‍ഹെയിലര്‍ വലിച്ച് ഗണേശ് പറയും-ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്ന്. രണ്ട് ദിവസം മുമ്പ് ഗണേശ് രണ്ട് ദിവസം അവധി ചോദിച്ചു-നല്ല ക്ഷീണമുണ്ട്. ഡോക്ടറെ കാണണം. പതിവുളള ചെക്കപ്പാണെന്നാണ് പറഞ്ഞത്. പക്ഷേ ബുധനാഴ്ച വൈകീട്ട് ലക്ഷ്മി വിളിച്ചു-മിംസില്‍ ഐ.സി.യുവിലാണ്. കരളും കിഡ്‌നിയുമെല്ലാം പണിമുടക്കിയിരിക്കുന്നു-അല്‍പ്പം ഗുരുതരാവസ്ഥയാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഉടന്‍ ആസ്പത്രിയിലേക്ക് വരാമെന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും രാവിലെ വന്നാല്‍ മതിയെന്നും പറഞ്ഞാണ് ലക്ഷ്മി ഫോണ്‍ വെച്ചത്. ഇന്നലെ അതിരാവിലെ സഹപ്രവര്‍ത്തകനായ പി.ടി ഗഫൂറിന്റെ ഫോണ്‍-ഗണേശ് പോയിരിക്കുന്നു…… ഉടന്‍ തന്നെ മിംസിലെ അത്യാസന്ന വിഭാഗത്തിലെത്തുമ്പോള്‍ വെളുത്ത തുണിയില്‍ പൊതിഞ്ഞ് ചിരിക്കാത്ത ഗണേശ്…. ഭാര്യ ലക്ഷ്മിയെയും മകള്‍ സ്‌നേഹയെയും ഞങ്ങളെയുമെല്ലാം ഉപേക്ഷിച്ച് വേദനയില്ലാത്ത ലോകത്തേക്ക് ഗണേശ് മറഞ്ഞിരിക്കുന്നു. മധുരത്തിന്റെ സ്‌നേഹ വായ്പുകള്‍ ഞങ്ങള്‍ക്ക് നല്‍കിയ സഹപ്രവര്‍ത്തകന്‍, ചന്ദ്രികയെ ഏത് പ്രതിസന്ധി ഘട്ടത്തിലും സ്‌നേഹിച്ച ശുദ്ധനായ ബ്രാഹ്മണന്‍-ഗണേഷ് മറയുമ്പോള്‍ ഞങ്ങള്‍ക്കിത് സര്‍വീസില്‍ ഒരു വര്‍ഷത്തിനകം നാലാമത്തെ നഷ്ടമാണ്. പ്രസ് സെക്ഷന്‍ സൂപ്പര്‍ വൈസറായ മുസ്തഫയും ലൈബ്രറിയിലെ അബൂബക്കര്‍, കൊച്ചി റിപ്പോര്‍ട്ടര്‍ ജയറാം തോപ്പില്‍, ഇപ്പോള്‍ ഗണേശും….. വീണ്ടും ഒരു ദീപാവലി വരുന്നു… മധുരത്തിന്റെ ദീപാവലി കാലത്ത് എന്നും വലിയ പൊതിയുമായി വരുന്ന ഗണേശ്….. ഈ ദീപാവലിയില്‍ ആ മധുരമില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കനത്തചൂട് തുടരുന്നു, കരുതിയിരിക്കണം മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും

ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്.

Published

on

സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട് കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തില്‍ ചൂട് കൂടുമ്പോള്‍ ആരോഗ്യത്തിലും ശ്രദ്ധവേണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ശരീരത്തെ ബാധിക്കും. ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്. പനിക്ക് പുറമെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളെല്ലാം കൂടാം.

മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. പനി, ഛര്‍ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. വയറിളക്കമാണെങ്കിലും ശുദ്ധമല്ലാത്ത ഭക്ഷണം-വെള്ളം എന്നിവയിലൂടെ പിടിപെടും.

ചൂടുകൂടുന്നതിനനുസരിച്ച് കിണറുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാന്‍തുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങളിലും പരിപാടികളിലും വിതരണം ചെയ്യുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയതാവണമെന്നില്ല. അതിനാല്‍ തന്നെ പരമാവധി സുരക്ഷയുറപ്പാക്കിമാത്രമേ അത്തരത്തിലുള്ള സ്ഥലങ്ങളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ചികിത്സിക്കണം.

ശ്രദ്ധിക്കേണ്ടവ

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുടിക്കരുത്. കിണര്‍വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. അത്തരം പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.

ചിക്കന്‍പോക്‌സ്;
ലക്ഷണങ്ങളും പ്രതിരോധവും

ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ലേഷ്മ സ്തരങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

വരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍നിന്നുള്ള ദ്രാവകങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.

ചിക്കന്‍പോക്‌സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യത യുണ്ട്. പരീക്ഷ എഴുതുന്ന ചിക്കന്‍ പോക്‌സ് ബാധിച്ച കുട്ടികള്‍ക്ക് വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കന്‍പോക്‌സ് ബാധിച്ച കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ പൊതു ഗതാഗതം ഉപയോഗിക്കരുത്.

 

Continue Reading

crime

84000 രൂപ കൈക്കൂലിയുമായി പിടിയിലായപ്പോള്‍ പൊട്ടിക്കരഞ്ഞ എഞ്ചിനീയറുടെ വീട്ടില്‍ 4 കിലോ സ്വര്‍ണവും 65 ലക്ഷം രൂപയും

തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാരുദ്യോഗസ്ഥയെ ആന്റി കറപ്ക്ഷന്‍ ബ്യൂറോ കൈയ്യോടെ പിടികൂടി. തെലങ്കാനയിലാണ് സംഭവം നടന്നത്. തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

ജഗ ജ്യോതി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി ഒരാള്‍ ആന്റി കറപ്ക്ഷന് ബ്യൂറോയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ കൈയ്യോടെ പിടികൂടിയത്.

ഇവരുടെ വീട്ടിലും പൊലീസ്‌ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ 65 ലക്ഷം രൂപയും 4 കിലോ സ്വര്‍ണ്ണവും കണ്ടെത്തി. രണ്ട് കോടിയിലധികം മൂല്യം വരും ഇവയ്ക്ക്. നിയമവിരുദ്ധമായാണ് ഇവര്‍ ഇത്രയധികം സ്വത്ത് സമ്പാദിച്ചതെന്നും പൊലീസ്‌
പറഞ്ഞു.

ഫിനോഫ്തലീന്‍ ലായനി പരിശോധനയിലൂടെയാണ് ജഗ ജ്യോതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കെ. ജഗ ജ്യോതി അനര്‍ഹമായ പണം നേടാന്‍ ഔദ്യോഗിക പദവിയിലിരുന്ന് സത്യസന്ധതയില്ലാതെ പ്രവര്‍ത്തിച്ചുവെന്നും ആന്റി കറപ്ക്ഷന്‍ ബ്യൂറോ പറഞ്ഞു.

Continue Reading

india

പുഴയിൽ മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ കടിച്ചെടുത്ത് സ്രാവ്; രക്തം വാർന്ന് കുഴഞ്ഞുവീണു

പാല്‍ഘര്‍ ജില്ലയിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയില്‍ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് നേരെ സ്രാവിന്റെ ആക്രമണം. ചുറ്റും വട്ടമിട്ട് കറങ്ങിയ സ്രാവ് മത്സ്യത്തൊഴിലാളിയുടെ ഇടതുകാല് കടിച്ചെടുത്തു. രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. വിക്കി ഗൗരിയാണ് സ്രാവിന്റെ ആക്രമണത്തിന് ഇരയായത്. മറ്റു മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്രാവ് യുവാവിനെ ആക്രമിച്ചത്. സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇടതുകാലില്‍ മുട്ടിന് താഴെയാണ് വിക്കിക്ക് നഷ്ടമായത്.

രക്തം വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ വിക്കിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടി. സ്രാവിന്റെ ആക്രമണം നാട്ടുകാര്‍ക്ക് ഇടയില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ പിടികൂടി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സ്രാവുകള്‍ ഉണ്ടോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.

Continue Reading

Trending