ഗസ്സ: ഇസ്രാഈല്‍ അതിര്‍ത്തിയിലേക്ക് ആയിരക്കണക്കിന് വരുന്ന ഫലസ്തീനികള്‍ മാര്‍ച്ച് നടത്തി. അധിനിവേശം നടത്തിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഗസ്സയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് റാലി നടന്നത്. അഞ്ചാം വെള്ളിയാഴ്ചയായ ഇന്നലെ നടന്ന പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി.

ഉത്തര-ദക്ഷിണ ഗസ്സ മുനമ്പില്‍ നടന്ന പ്രതിഷേധത്തിന് നേരെ ഇസ്രാഈല്‍ സൈന്യം വെടിയുതിര്‍ത്തു. ഒട്ടേറെ തവണ ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സൈന്യത്തിന്റെ ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമണം അഴിച്ചു വിട്ടതായി റിപ്പോര്‍ട്ടുണ്ട്. സൈന്യത്തിന്റെ ആക്രമണത്തില്‍ 25 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സ നഗരത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലും ഉത്തര ഗസ്സയിലെ ജാബാലിയയിലും പ്രതിഷേധക്കാരെ സൈന്യം തുരത്തിയോടിച്ചു. ഇസ്രാഈല്‍ അതിര്‍ത്തി ലംഘിച്ചെന്നോരോപിച്ചാണ് സൈന്യം അക്രമം അഴിച്ചു വിട്ടത്.

മാര്‍ച്ച് 30ന് ശേഷം തുടര്‍ച്ചയായി ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം അക്രമം അഴിച്ചുവിടുകയാണ്. മാര്‍ച്ച് 30ന് അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തിയ മാര്‍ച്ചിന് നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 4000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എല്ലാ വെള്ളിയാഴ്ചയും ഫലസ്തീനികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
1976ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചു വരാനുള്ള അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രാഈല്‍ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ ഓര്‍മ പുതുക്കലായാണ് മാര്‍ച്ച് 30ന് ഭൂമിദിനമായി ആചരിക്കുന്നത്. 2014ല്‍ നടന്ന ഗസ്സ യുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് നടക്കുന്നത്. 38 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം 2005ല്‍ ഇസ്രാഈല്‍ സൈന്യം പിന്‍വാങ്ങിയ ഗസ്സയിലാണ് റാലിയ്ക്കായി ഫലസ്തീന്‍ പൗരന്മാര്‍ ഒത്തു ചേര്‍ന്നത്.