വധഭീഷണിയുണ്ടെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന ഗൗരവമുള്ളതാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങളുടെ കാരണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി ഇക്കാര്യം ഗൗരവത്തിലെടുക്കണം. ജിഫ്രി തങ്ങളുമായി സംസാരിച്ചപ്പോള്‍ അത്ര ഗൗരവമുള്ള കാര്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഗൗരവമായി എടുത്തില്ലെങ്കിലും ഞാനത് ഗൗരവമായി എടുക്കുകയാണ്. കേരളത്തിലെ ക്രമസമാധാന നിലക്ക് ഭംഗം വന്നിരിക്കുന്നു. ഇവിടെ മതനേതാക്കള്‍ക്കും പണ്ഡിതര്‍ക്കും വരെ ഭീഷണി വന്നിരിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതിനുള്ള കാരണം. അദ്ദേഹം വ്യക്തമാക്കി.