മോസ്‌കോ: ദക്ഷിണകൊറിയക്കെതിരെ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റ് നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി ലോകകപ്പില്‍ നിന്നും പുറത്തായി. ഇഞ്ചുറി ടൈമില്‍ കിം യങ് ഗോണും (90+2), സണ്‍ ഹ്യൂങ് മിനുമാണ്(90+6) ജര്‍മന്‍ വല കുലുക്കിയത്.എണ്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഗ്രൂപ്പ് ഘട്ടം കടക്കാതെ ജര്‍മനി ലോകകപ്പില്‍ നിന്നും പുറത്താവുന്നത്.അതേസമയം ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ദ.കൊറിയ നേരത്തെ തന്നെ പുറത്തായിരുന്നു.

 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ ഏകപക്ഷീമായ മൂന്നു ഗോളുകള്‍ക്ക് മെക്‌സികോയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. തോറ്റെങ്കിലും ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി മെക്‌സികോയും അവസാന പതിനാറില്‍ ഇടംനേടി. ഗ്രൂപ്പില്‍ അവസാനം മത്സരം ജയിച്ച് കൊറിയ മൂന്നാം സ്ഥാനത്ത് ഫീനിഷ് ചെയ്തപ്പോള്‍ അവസാന സ്ഥാനക്കാരായി നാണംകെട്ടാണ് ജര്‍മനിയുടെ മടക്കം.

തോറ്റു ജര്‍മനി പുറത്തായതോടെ തുടര്‍ച്ചയായ മൂന്ന് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. നേരത്തെ ബ്രസീല്‍ ലോകകപ്പില്‍ 2010ലെ ജേതാക്കളായ സ്‌പെയ്‌നും, ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ 2006ലെ ജേതാക്കളായ ഇറ്റലിയും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. 1998ലെ ജേതാക്കളായ ഫ്രാന്‍സിനും 2002ല്‍ ഗ്രൂപ്പില്‍ തന്നെ പുറത്താവുകയായിരുന്നു.