ആകാശത്തേക്ക് ഉയര്‍ന്ന് പാറാന്‍ തുടങ്ങിയ പട്ടത്തിനൊപ്പം പറന്നുയര്‍ന്ന് കുരുന്ന്. കാര്‍ട്ടൂണുകളിലും സിനിമകളില്‍ തമാശകളായും വന്നിട്ടുള്ള രംഗങ്ങള്‍ നേരിട്ട് കണ്ട ഞെട്ടലിലാണ് ഒരു കൂട്ടം ആളുകള്‍. പട്ടച്ചരടില്‍ കുടുങ്ങിയ കുട്ടിയുമായി ഒരു കൂറ്റന്‍ പട്ടം പറന്നുയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തായ് വാനില്‍ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിനിടെയാണ് സംഭവം. അറിയാതെയോ മറ്റോ ചരടില്‍ കുരുങ്ങിയ കുട്ടിയുമായി ഓറഞ്ച് നിറത്തിലുള്ള ഒരു കൂറ്റന്‍ പട്ടം പറന്നു പൊങ്ങുന്നതാണ് ദൃശ്യങ്ങളില്‍. പാറിപ്പറിക്കുന്ന പട്ടത്തിന്റെ വാല്‍ ഭാഗത്ത് കുരുങ്ങിയ കുട്ടി രണ്ട് മൂന്ന് തവണ വായുവില്‍ വട്ടം ചുറ്റപ്പെടുകയും ചെയ്യുന്നു. ബഹളം കൂട്ടി ആളുകള്‍ താഴെ നിന്ന് പട്ടച്ചരട് പിടിച്ച് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒടുവില്‍ അല്‍പസമയത്തെ പരിശ്രമം കൊണ്ട് കുട്ടിയെ താഴെയെത്തിച്ചു.ആളുകളുടെ കൈകളിലേക്കാണ് കുഞ്ഞ് വീണത്.

കുട്ടി പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വളരെ ഭയന്നു പോയെന്നും എന്നാലും ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ലെന്നാണ് വിവരം.