മുംബൈ:മുംബൈ ഇന്ത്യന്‍സിന് ഇത് പോലെ ഒരു കഷ്ടകാലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലില്ല. പതിനഞ്ചാം സീസണില്‍ ടീം പതിനൊന്ന് മല്‍സരങ്ങള്‍ കളിച്ചിട്ടും ജയം രണ്ടില്‍ മാത്രം. പ്ലോ ഓഫ് കാണാതെ ടീം പുറത്തായിക്കഴിഞ്ഞു. സീസണില്‍ ആദ്യമായി പുറത്താവുന്ന ടീമും മഹേല ജയവര്‍ധനയുടെ സംഘം തന്നെ. പതിനൊന്ന് മല്‍സരങ്ങളിലായി ടീമിലെ എല്ലാവര്‍ക്കും ടീം മാനേജ്‌മെന്റ് അവസരം നല്‍കിയപ്പോള്‍ ഇത് വരെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആദ്യ ഇലവനില്‍ കളിച്ചിട്ടില്ല.

ടീമിന്റെ മെന്ററായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന് എന്ത് കൊണ്ട് ഇത് വരെ അവസരം നല്‍കിയില്ല എന്ന ചോദ്യം ആരും ഉയര്‍ത്തിയിട്ടില്ല. സച്ചിനും മകന് വേണ്ടി ചരടുവലി നടത്തുന്നില്ല. പക്ഷേ ടീം പുറത്തായ സാഹചര്യത്തില്‍ അര്‍ജുന് അവസരം നല്‍കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ചോദ്യം. അവസാന മല്‍സരത്തില്‍ കൊല്‍ക്കത്തക്കെതിരെ ടീം തകര്‍ന്നതോടെ എല്ലാ സാധ്യതകളും അവസാനിച്ചിരിക്കുന്നു. എട്ട് മല്‍സരങ്ങള്‍ കൂടി ശേഷിക്കുമ്പോള്‍ എല്ലാവര്‍ക്കും അവസരം നല്‍കുമെന്നാണ് ടീം മാനേജ്‌മെന്റ് വീശദീകരിക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ അവസരം നല്‍കിയിരുന്ന ബേസില്‍ തമ്പിയുള്‍പ്പെടെയുള്ളവര്‍ക്ക്് ഇനിയുള്ള കളികളില്‍ അവസരമുണ്ടാക്കും.