കോഴിക്കോട്: കാല്‍പന്ത് നഗരമായ കോഴിക്കോട് കേന്ദ്രമായി ഫുട്‌ബോള്‍ അക്കാദമി വരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ അക്കാദമിയായ മലബാര്‍ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷന്‍ (എം.എസ്.ആര്‍.എഫ്) ലോകത്തെ പ്രമുഖ ഫുട്‌ബോള്‍ അക്കാദമിയായ അര്‍ജന്റീനോസ് ജൂനിയേഴ്‌സുമായി കരാര്‍ ഒപ്പുവച്ചു. എംഎസ്ആര്‍എഫിന്റെ ഫുട്‌ബോള്‍ ക്ലബ്ബായ മലബാര്‍ ചാലഞ്ചേഴിസിന്റെ പേര് പ്രഖ്യാപിക്കലും ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിംഗും ഇതോടൊപ്പം നടന്നു.

മറഡോണ ഉള്‍പ്പെടെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുത്ത ലോകത്തെ തന്നെ മുന്‍നിര ഫുട്‌ബോള്‍ അക്കാദമിയാണ് അര്‍ജന്റീനോ ജൂനിയേഴ്‌സ്. ഇവരുമായി രണ്ടു വര്‍ഷത്തേക്കാണ് എം.എസ്.ആര്‍.എഫ് കരാറിലെത്തിയത്. കരാര്‍ പ്രകാരം അര്‍ജന്റീനോ ജൂനിയേഴ്‌സിന്റെ രണ്ട് കണ്‍സല്‍ട്ടന്റ് കോച്ചുകള്‍ എം.എസ്.ആര്‍.എഫിലെ കുട്ടികള്‍ക്കും കോച്ചുകള്‍ക്കും പരിശീലനം നല്‍കും. അര്‍ജന്റീനോ ജൂനിയേഴ്‌സ് വൈസ് പ്രസിഡന്റ് ഹാവിയര്‍ പെഡര്‍സോളി, എം.എസ.്ആര്‍.എഫ് ചെയര്‍മാന്‍ മുന്‍ ഗോവന്‍ ചീഫ് സെക്രട്ടറി ബി. വിജയന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഗോള്‍കീപ്പര്‍ വിക്ടര്‍ മഞ്ഞില, എംഎസ്ആര്‍എഫ് ഡയറക്ടര്‍മാരായ മുന്‍ തമിഴ്‌നാട് അഡീഷണല്‍ ചീഫ്‌സെക്രട്ടറി സ്‌കന്ദന്‍ കൃഷ്ണന്‍, ഇന്‍കം ടാക്‌സ് മുന്‍ കമ്മീഷണര്‍ പോള്‍ ജോര്‍ജ്ജ്്,മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറും നിലവില്‍ ഗോവ ഫുട്‌ബോള്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമായ ബ്രഹ്മാനന്ദ സങ്‌വാക്കര്‍, ചെന്നൈ അവലോണ്‍ ടെക്‌നോളജീസ് സിഎംഡി ഇമ്പിച്ചഹമ്മദ്, ഡോ. മനോജ് കാളൂര്‍, എംഎസ്ആര്‍എഫ് എംഡിയും സി.ഇ.ഒയുമായ സജീവ് ബാബു കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.

സെപ്തംബറില്‍ എംഎസ്ആര്‍എഫിന്റെ ലോകോത്തര നിലവാരമുള്ള ഫുട്‌ബോള്‍ അക്കാദമി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും. ദേശീയ ഫുട്‌ബോള്‍ലീഗില്‍ പങ്കെടുക്കുന്ന യഥാര്‍ത്ഥ പ്രൊഫണല്‍ സീനിയര്‍ ടീം രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എംഎസ്ആര്‍എഫ് ചെയര്‍മാന്‍ ബി. വിജയന്‍ പറഞ്ഞു.