ന്യൂഡല്‍ഹി: കൈവശം വെക്കാവുന്ന സ്വര്‍ണ്ണത്തിന് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5പവനും, അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.25പവനും മാത്രമേ ഇനിമുതല്‍ കൈവശം വെക്കാനാകൂ. കേന്ദ്ര ധനമന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അതേസമയം, പുരുഷന്‍മാര്‍ക്ക് 12പവന്‍ സ്വര്‍ണ്ണം മാത്രമേ കൈവശം വെക്കാനാകൂ.

പരമ്പരാഗതമായി കിട്ടിയ സ്വര്‍ണ്ണത്തിന് ആദായനികുതി നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ വെളിപ്പെടുത്താത്ത പണം കൊണ്ടുള്ള സ്വര്‍ണ്ണത്തിന് നികുതി നല്‍കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. നോട്ടുകള്‍ അസാധുവാക്കിയതോടെ കള്ളപ്പണം വെളുപ്പിക്കാന്‍ ആളുകള്‍ സ്വര്‍ണ സമ്പാദ്യത്തെ കൂട്ടുപിടിക്കുന്നുവെന്നാണ് നിയന്ത്രണത്തിന് കാരണമായി കേന്ദ്രം പറയുന്നത്. അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശം വെക്കുകയാണെങ്കില്‍ റെയ്ഡു വഴി ആദായനികുതി വകുപ്പ് പിടിച്ചെടുക്കും.

നോട്ട് പ്രതിസന്ധി തുടരുമ്പോഴും വീണ്ടും കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം മുന്നോട്ട് നീങ്ങുകയാണ്. അതിനിടെ നാളെ കൂടി മാത്രമേ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാനാകൂവെന്ന് കേന്ദ്രം അറിയിച്ചു. നേരത്തെ ഇത് ഡിസംബര്‍ 15വരെ ആയിരുന്നു. എന്നാല്‍ ഇതിലും സര്‍ക്കാര്‍ വെട്ടിച്ചുരുക്കലാണ് കണ്ടത്.