കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 38000 ലേക്കെത്തിയിരുന്നു. ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 4750 രൂപയായി.

ഓഗസ്റ്റ് ഏഴിന് പവന് 42,000രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു. ഈ റെക്കോര്‍ഡില്‍ നിന്നാണ് 20 ദിവസം കൊണ്ട് പവന്‍ വില 38000 രൂപയിലേക്ക് എത്തിയതത്. പവന് 4000 രൂപയും ഗ്രാമിന് 500 രൂപയും ഇക്കാലയളവില്‍ കുറഞ്ഞു.

ഡോളര്‍ കരുത്താര്‍ജ്ജിച്ചതും യുഎസ്-ചൈന ചര്‍ച്ചകളിലെ ശുഭസൂചനകളും ഓഹരി വിപണികളിലെ നേട്ടവും സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഫലം വിവിധ മേഖലകളില്‍ ദൃശ്യമായി തുടങ്ങിയതുമാണ് സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. മറ്റ് വിപണികളിലെ അനിശ്ചിതത്വം നീങ്ങിത്തുടങ്ങിയതോടെ സ്വര്‍ണ്ണത്തില്‍ നിന്നും നിക്ഷേപകര്‍ ലാഭമെടുത്ത് പിന്‍വലിഞ്ഞു തുടങ്ങി. ആഗോളതലത്തിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1.9160.70 ഡോളറാണ് ബുധനാഴ്ച്ചത്തെ നിരക്ക്.

ഓഗസ്റ്റ് ആദ്യവാരം 2,080 ഡോളര്‍ വരെ എത്തിയ വിലയില്‍ നിന്ന് 161 ഡോളറിന്റെ ഇടിവാണ് ഇതുവരെ ഉണ്ടായത്. തിരുത്തലിന് ശേഷം, ദീര്‍ഘകാലാിസ്ഥാനത്തില്‍ വില ഉയരാനുള്ള സാധ്യതയുണ്ട്. ഓണവിപണിയില്‍ ചലനങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. കടകള്‍ക്ക് രാത്രി ഒമ്പതുമണി വരെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയത് വിപണിക്ക് ഗുണകരമാണ്.