ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനുമെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രണ്ടു കമ്പനികള്‍ക്കെതിരെയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും റിസര്‍വ് ബാങ്കിനോടും കേന്ദ്രം നിര്‍ദേശിച്ചു.

നേരിട്ടുള്ള വിദേശനിക്ഷേപ നയം, ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) എന്നിവ ലംഘിച്ചാണ് ഈ കമ്പനികളുടെ പ്രവര്‍ത്തനമെന്നു കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) അടക്കമുള്ളവരുടെ പരാതി പരിഗണിച്ചാണു സര്‍ക്കാര്‍ നീക്കം. ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും എതിരെ അടുത്തിടെ നിരവധി പരാതികളാണു കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയലിനു നല്‍കിയിട്ടുള്ളതെന്നു സിഎഐടി പ്രസിഡന്റ് ബി.സി.ഭാര്‍തിയ, സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വല്‍ എന്നിവര്‍ പറഞ്ഞു.

വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഇഡിക്കും ആര്‍ബിഐക്കും ഡിസംബറില്‍ കത്തയച്ചെന്നും സിഎഐടി ഭാരവാഹികള്‍ അറിയിച്ചു. ഇ-കൊമേഴ്‌സ് രംഗത്തെ പല കമ്പനികളും രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും പരമ്പരാഗത വ്യാപാരികള്‍ക്കു തിരിച്ചടിയാണെന്നും നേരത്തെതന്നെ പരാതിയുണ്ട്.