മകളുടെ വിവാഹക്ഷണക്കത്തില്‍ സര്‍ക്കാര്‍ ലോഗോ പ്രിന്റ് ചെയ്ത് ബിജെപി എംഎല്‍എ വിവാദത്തില്‍. ഹരിദ്വാറിലെ ജവല്‍പൂര്‍ എംഎല്‍എയായ സുരേഷ് റാത്തോറാണ് ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മുദ്ര ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയത്.

വിവാദമായതോടെ തന്റെ നടപടിയെ ന്യായീകരിച്ച് റാത്തോര്‍ രംഗത്തുവന്നു. താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് റാത്തോര്‍ പ്രതികരിച്ചു. താന്‍ സര്‍ക്കാറിന്റെ ഭാഗമാണെന്നും അതിനാല്‍ ക്രിമിനല്‍ കുറ്റമല്ലെന്നും എംഎല്‍എ പ്രതികരിച്ചു.

എംഎല്‍എയുടെ വാക്കുകള്‍ ഇങ്ങനെ:

‘ ഞാനൊരു പാവപ്പെട്ട പെണ്‍കുട്ടിയെ മകളെപോലെ കണ്ട് വിവാഹം കഴിപ്പിച്ചു. എന്തുകൊണ്ട് ആളുകള്‍ അതൊന്നും കണ്ടില്ല. ഞാന്‍ സര്‍ക്കാറിന്റെ ഭാഗമാണ്. അതിനാല്‍ ഞാന്‍ ലോഗോ ക്ഷണക്കത്തില്‍ ഉപയോഗിച്ചു. ഇതില്‍ എന്താണ് തെറ്റ്. ഇങ്ങനെ പലരും ചെയ്തിട്ടുണ്ട്.’