X

സ്‌കൂളുകളില്‍ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ആവശ്യപ്രകാരമാണ് നടപടി. തസ്തിക നിര്‍ണയ നടപടികള്‍ അവസാനിക്കാതെ ഒഴിവുകള്‍ കണക്കാക്കി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അധ്യാപകരില്ലാത്തതിനാല്‍ പല സ്‌കൂളുകളിലും അധ്യയനം മുടങ്ങുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.

ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതരാകുന്ന പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രതിദിനം 850 രൂപയും ഹൈസ്‌കൂള്‍ അസിസ്റ്റന്റിന് പ്രതിദിനം 975 രൂപയും പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ഭാഷാധ്യാപകര്‍ക്ക് പ്രതിദിനം 675 രൂപയും പ്രൈമറി സ്‌കൂള്‍ പാര്‍ട്ട് ടൈം ഭാഷാധ്യാപകര്‍ക്ക് 650 രൂപയും വേതനമായി ലഭിക്കും. പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രതിമാസം 24,650 രൂപയും ഹൈസ്‌കൂള്‍ അസിസ്റ്റന്റിന് പ്രതിമാസം 29,200 രൂപയും പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ഭാഷാധ്യാപകര്‍ക്ക് പ്രതിമാസം 18,900 രൂപയുമായിരിക്കും പരമാവധി വേതനമായി ലഭിക്കുക. അധ്യാപകരുടെ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച് 2002ലും 2004ലും 2016ലും പുറപ്പെടുവിച്ച ഉത്തരവുകളിലെ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പി.എസ്.സി പട്ടിക നിലനില്‍ക്കുന്ന ജില്ലകളില്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അപേക്ഷകരായിട്ടുണ്ടെങ്കില്‍ നിയമനത്തില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കണം. എന്നാല്‍ ഈ അധ്യാപകന്റെ സേവന വേതന വ്യവസ്ഥകള്‍ ഭാവിയില്‍ പി.എസ്.സി വഴി സ്ഥിരനിയമനം ലഭിക്കുമ്പോള്‍ കണക്കാക്കില്ല. നിലവിലെ തസ്തിക നിര്‍ണയ ഉത്തരവ് പ്രകാരം ഏതെങ്കിലും വിഭാഗത്തില്‍ അധ്യാപകര്‍ അധികമെന്ന് കണ്ടെത്തിയ സ്‌കൂളുകളില്‍ അവര്‍ തുടരുകയാണെങ്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വീണ്ടും നിയമനം നടത്താന്‍ പാടില്ല. അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലംമാറ്റി ക്രമീകരിക്കണമെന്നാണ് നിര്‍ദേശം. ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം കഴിഞ്ഞാല്‍ ഒഴിവുകള്‍ ഉടനടി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

chandrika: