Connect with us

kerala

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്.

Published

on

ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരും ദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലാണ് വരുന്നത്.

എപിഐപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകള്‍ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാന്‍
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

kerala

മലപ്പുറം കൊണ്ടോട്ടിയിലെ ബിഎല്‍ഒമാര്‍ തഹസില്‍ദാറിന് സങ്കട ഹര്‍ജി നല്‍കി

വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ അസാധാരണ സമ്മര്‍ദത്തിലൂടെയാണ് ചെയ്യേണ്ടിവരുന്നതെന്നും ആരുടേയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ പൊതുജനത്തിന്റെ വിരോധം നേരിടേണ്ടി വരുമെന്ന ഭയമുണ്ടെന്നും ഹര്‍ജിയില്‍ ബിഎല്‍ഒമാര്‍ വ്യക്തമാക്കി.

Published

on

കൊണ്ടോട്ടി (മലപ്പുറം): അമിതമായ ജോലി ഭാരം താങ്ങാനാവില്ലെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി താലൂക്കിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) തഹസില്‍ദാറിന് സങ്കട ഹര്‍ജി നല്‍കി. വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ അസാധാരണ സമ്മര്‍ദത്തിലൂടെയാണ് ചെയ്യേണ്ടിവരുന്നതെന്നും ആരുടേയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ പൊതുജനത്തിന്റെ വിരോധം നേരിടേണ്ടി വരുമെന്ന ഭയമുണ്ടെന്നും ഹര്‍ജിയില്‍ ബിഎല്‍ഒമാര്‍ വ്യക്തമാക്കി.

അശാസ്ത്രീയമായി ഫോം വിതരണം നടക്കുന്നത് ജോലിഭാരം കൂട്ടുന്നുവെന്നും വളരെ കുറച്ച് സമയത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കേണ്ട സ്ഥിതി തങ്ങള്‍ നേരിടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജോലികളുടെ വേഗതയുള്ള നിര്‍വഹണം കാരണം നിരവധി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചേര്‍ക്കപ്പെടാതെ പോകാനുള്ള സാധ്യതയുണ്ടെന്നും പിന്നീട് ജനങ്ങള്‍ തന്നെ എതിര്‍പ്പോടെ പ്രതികരിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ ഫോം വിതരണം ചെയ്യുകയും തിരികെ സ്വീകരിക്കുകയും ചെയ്യുന്നതാണ് ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡാറ്റ എന്‍ട്രിയും നിര്‍ബന്ധമാക്കിയതായി ബിഎല്‍ഒമാര്‍ അറിയിച്ചു. സര്‍വര്‍ തകരാറുകള്‍ ആവര്‍ത്തിക്കുന്നതിനാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നത് പ്രായോഗികമല്ലെന്നും സമയം നീട്ടിക്കൊടുക്കണമെന്ന് തഹസില്‍ദാറിന് സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

 

Continue Reading

kerala

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

ബംഗളൂരു: വാടക മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് പരിശോധിക്കുന്നു. 21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കോളജിലെ ബി.ബി.എം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിശ്രീ.

മുറി വാടകയ്ക്കെടുത്തത് മാനസ എന്ന സ്ത്രീയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രേം വര്‍ധന്‍ എന്ന യുവാവിനെതിരെയാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. രാവിലെ 9.30 മുതല്‍ ദേവിശ്രീയും പ്രേമും ഒരുമിച്ച് മുറിയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് രാത്രി 8.30ഓടെ മുറി പുറത്തുനിന്ന് പൂട്ടി പ്രേം രക്ഷപ്പെട്ടതായി വിവരമുണ്ട്.

കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയന്ത് ടി (23)യാണ് മദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

Continue Reading

kerala

പോലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞ കേസ്: ഇടതു സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും കുറ്റക്കാരെന്ന് കോടതി

പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന്‍ (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു.

Published

on

തളിപ്പറമ്പ്: പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്ത് വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.

പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന്‍ (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു. ഇവരില്‍ ഒന്നും രണ്ടും പ്രതികളായ നിഷാദിനും നന്ദകുമാര്‍ക്കുമാണ് കുറ്റം തെളിഞ്ഞത്. മിഥുനും കൃപേഷിനെയും കോടതി വെറുതെ വിട്ടു.

2012 ഓഗസ്റ്റ് 1-നാണ് സംഭവം നടന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞതെന്നും കേസ് വ്യക്തമാക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് രൂപേഷിനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു എന്ന വിവരമറിഞ്ഞ് തിരികെ പോകുകയായിരുന്ന പൊലീസ് സംഘത്തിന്മേലാണ് പ്രതികള്‍ ബൈക്കിലെത്തി ബോംബെറിഞ്ഞതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂട്ടര്‍മാരായ യു. രമേശന്‍, മധു എന്നിവര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായി.

Continue Reading

Trending