കൊച്ചി: കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്. വൈകീട്ട് 3.30 ഓടെയാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉടമയുമായുള്ള തര്‍ക്കമാണ് വെടിവെപ്പിന് കാരണമെന്നാണ് സൂചന. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്. വെടിവെപ്പ് നടത്തിയ ശേഷം സംഘം രക്ഷപ്പെട്ടു.

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്യൂട്ടി പാര്‍ലര്‍. പണം ആവശ്യപ്പെട്ട് ഇവര്‍ക്ക് നിരവധി തവണ ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 25 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് വെടിവെപ്പ് നടത്തിയതെന്നാണ് വിവരം.

ചെന്നൈയിലെ കനറ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന മരിയ പോള്‍. സംഭവ സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാര്‍ലറിലെത്തിയ മറ്റു ചിലരുമാണ് സംഭവസമയത്ത് സ്ഥാപനത്തിലുണ്ടായിരുന്നത്. പൊലീസെത്തി തെളിവെടുപ്പ് നടത്തി.