തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ‘ഗുരുവന്ദനം’ നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. അനന്തപുരി ഫൗണ്ടേഷന്റെ ആവശ്യപ്രകാരമാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഗുരുവന്ദനത്തിനുള്ള ഡി.പി.ഐയുടെ ഉത്തരവ് ഇറങ്ങിയത് ജൂണ്‍ 26നാണ്.

മാതാപിതാക്കളെ ഉപേക്ഷിക്കരുതെന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് ഗുരുവന്ദനമെന്ന് ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവ് പ്രകാരം ചേര്‍പ്പ് സ്‌കൂളിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ തൃശൂര്‍ ഡി.ഇ.ഒയോട് ഡി.പി.ഐ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം, ചേര്‍പ്പ് സി.എന്‍ എന്‍ സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമായി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ‘ഗുരുപൂര്‍ണിമ’ എന്ന പേരില്‍ പരിപാടി നടത്തിയത്. വേദവ്യാസ ജയന്തി വ്യാസ പൗര്‍ണമിയുടെ ഭാഗമായണ് നിര്‍ബന്ധിത പാദ പൂജ നടത്തിയത്. സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 1262 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലുമാണ് പാദപൂജ നടത്തിയത്.

അധ്യാപകരുടെ പാദങ്ങള്‍ പൂജിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് നിര്‍ബന്ധിത പാദപൂജയുടെ വിവരങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി ഈ സ്‌കൂളില്‍ പരിപാടി നടത്താറുണ്ടെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.